തിരുവനന്തപുരം: ഓണ്‍ലൈൻ ലോണ്‍ ആപ്പ് മാഫിയയുടെ ഭീഷണിയെത്തുടർന്ന് തിരുവനന്തപുരം ആര്യനാട് സ്വദേശിയായ യുവാവ് ജീവനൊടുക്കി.ആര്യനാട് സ്വദേശി ആനന്ദ് (21) ആണ് മരിച്ചത്.
ലോണ്‍ തിരിച്ചടയ്ക്കാത്തതിനെത്തുടർന്ന് യുവാവിന്റെ മോർഫ് ചെയ്ത ചിത്രങ്ങള്‍ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്തതിലുള്ള മനംനൊന്താണ് ആനന്ദ് ആത്മഹത്യ ചെയ്തത്.
ലോണ്‍ ആപ്പ് വഴി പണം കൈപ്പറ്റിയ ആനന്ദ്, അത് തിരികെ നല്‍കാൻ വൈകിയതോടെയാണ് ആപ്പുമായി ബന്ധപ്പെട്ടവർ ഭീഷണി തുടങ്ങിയത്. യുവാവിന്റെ സ്വകാര്യ ചിത്രങ്ങള്‍ മോർഫ് ചെയ്ത് മോശമായ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു.
ചിത്രങ്ങള്‍ പ്രചരിച്ചതിനെത്തുടർന്നുണ്ടായ കടുത്ത മാനസിക സമ്മർദ്ദത്താല്‍ ഈ മാസം ആറാം തീയതിയാണ് ആനന്ദ് ആസിഡ് കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെയാണ് ആനന്ദ് മരിച്ചത്.
സംഭവത്തില്‍ ആനന്ദിന്റെ കുടുംബം ആര്യനാട് പോലീസിലും സൈബർ സെല്ലിലും പരാതി നല്‍കിയിട്ടുണ്ട്. ലോണ്‍ ആപ്പ് മാഫിയയുടെ പ്രവർത്തനങ്ങളെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ലോണ്‍ ആപ്പുകള്‍ വഴി പണമെടുക്കുന്നവർ ഇത്തരം കെണികളില്‍ വീഴാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു


