പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ചൂട് കൂടുന്നു ; മൂന്നാറിലും കോന്നിയിലും ഓറഞ്ച് അലര്‍ട്ട്


കേരളത്തില്‍ സൂര്യനില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് വികിരണത്തിന്റെ അളവ് ആശങ്കാജനകമായ രീതിയില്‍ വർദ്ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിലെ കണക്കുകള്‍ പ്രകാരം ഇടുക്കിയിലെ മൂന്നാറിലും പത്തനംതിട്ടയിലെ കോന്നിയിലും അള്‍ട്രാവയലറ്റ് സൂചിക 8 രേഖപ്പെടുത്തിയതിനെത്തുടർന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. വികിരണതോത് 6 മുതല്‍ 7 വരെ രേഖപ്പെടുത്തിയ കൊട്ടാരക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കളമശ്ശേരി, ഒല്ലൂർ, തൃത്താല, പൊന്നാനി, ബേപ്പൂർ, മാനന്തവാടി എന്നിവിടങ്ങളില്‍ യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. അള്‍ട്രാവയലറ്റ് സൂചിക 11-ന് മുകളില്‍ എത്തുന്ന സാഹചര്യമുണ്ടായാല്‍ റെഡ് അലർട്ട് പ്രഖ്യാപിക്കാനാണ് അധികൃതരുടെ തീരുമാനം.

തുടർച്ചയായി സൂര്യരശ്മികള്‍ ശരീരത്തില്‍ ഏല്‍ക്കുന്നത് സൂര്യാതപം, ഗുരുതരമായ ത്വക്ക് രോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയ്ക്ക് കാരണമാകാമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു. വികിരണതോത് ഏറ്റവും കൂടുതലായി അനുഭവപ്പെടുന്ന പകല്‍ 10 മണി മുതല്‍ 3 മണി വരെയുള്ള സമയങ്ങളില്‍ നേരിട്ട് വെയില്‍ ഏല്‍ക്കുന്നത് പരമാവധി ഒഴിവാക്കണമെന്ന് നിർദ്ദേശമുണ്ട്. പുറം ജോലികളില്‍ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികള്‍, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികള്‍ എന്നിവർ ഈ സമയങ്ങളില്‍ പ്രത്യേകം ജാഗ്രത പാലിക്കണം. രോഗപ്രതിരോധശേഷി കുറഞ്ഞവരും ചർമ്മരോഗമുള്ളവരും ക്യാൻസർ ബാധിതരും വെയില്‍ ഏല്‍ക്കാതിരിക്കാൻ കൂടുതല്‍ ശ്രദ്ധിക്കണം.

പുറത്തിറങ്ങുന്നവർ കുട, തൊപ്പി, സണ്‍ഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും ശരീരം മുഴുവൻ മറയുന്ന കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഉചിതമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. മലമ്പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലും വികിരണതോത് പൊതുവെ കൂടുതലായതിനാല്‍ ഇത്തരം സ്ഥലങ്ങളില്‍ താമസിക്കുന്നവർ കൂടുതല്‍ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിക്കേണ്ടതുണ്ട്. യാത്ര ചെയ്യുന്നവർ ഇടവേളകളില്‍ തണലില്‍ വിശ്രമിക്കാനും ധാരാളം വെള്ളം കുടിക്കാനും ശ്രദ്ധിക്കണമെന്നും ഔദ്യോഗിക നിർദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.