അറ്റകുറ്റപ്പണി പൂർത്തികരിച്ച് താവം മേൽപ്പാലം മാർച്ച് 20 നകം തുറന്ന് കൊടുക്കുമെന്ന് എം വിജിൻ എം എൽ എ പറഞ്ഞു. എംഎൽഎയുടെ നേതൃത്വത്തിൽ ഉന്നത ഉദ്യോഗസ്ഥർ പ്രവൃത്തി വിലയിരുത്തി.
പാലങ്ങളിലെ തുരുമ്പിച്ച കമ്പികൾ മാറ്റി മൈക്രോ കോൺക്രീറ്റിങ്ങ് പ്രവൃത്തി നടത്തി. ഇനി ബാക്കിയുള്ള ടാറിങ് പ്രവൃത്തി ഉടൻ പൂർത്തിയാക്കും. ഒരു മാസത്തിനകം അറ്റകുറ്റപ്പണി പൂർത്തിയാക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഉപരിതലം പൊളിച്ചുതുടങ്ങിയത്.
ഓരോ പാളി പൊളിക്കുമ്പോഴും ഉൾഭാഗത്ത് അകത്തെ കമ്പികൾ പൂർണമായും നശിച്ച രീതിയിലായിരുന്നു. എക്സ്പാൻഷൻ ജോയിന്റുകൾക്ക് സമീപത്ത് കൂടാതെ മിക്കയിടത്തും കമ്പി തുരുമ്പിക്കുകയും കോൺക്രീറ്റുകൾ ഇളകി മാറുകയും ചെയ്ത നിലയിലായിരുന്നു. ഇതൊക്കെ മാറ്റി.
മേൽപ്പാലത്തിൽ നിരന്തരം വലിയ കുഴികൾ രൂപപ്പെട്ടുകൊണ്ടിരുന്നതോടെ യാത്ര ദുഷ്ക്കരമായി. എം വിജിൻ എം എൽ എ ഇടപെട്ടതോടെയാണ് പാലത്തിൽ സമഗ്ര അറ്റകുറ്റപ്പണിക്ക് വഴിയൊരുങ്ങിയത്.
പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി എംഎൽഎയുടെ നേതൃത്വത്തിൽ കൂടിക്കാഴ്ച്ച നടത്തുകയും ഉന്നത ഉദ്യോഗസ്ഥ സംഘത്തെ വിദഗ്‌ധപരിശോധനക്ക് അയക്കുകയും ചെയ്താണ് അറ്റകുറ്റപ്പണിക്ക് പദ്ധതി തയ്യാറാക്കി പാലത്തിന്റെ അപാകം പൂർണമായും പരിഹരിക്കാൻ നടപടി സ്വീകരിച്ചത്.
എം എൽ എ യോടോപ്പം പൊതുമരാമത്ത് സൂപ്രണ്ടിങ് എൻജി നീയർ പി കെ മിനി, എക്സിക്യൂട്ടീവ് എൻജിനീയർ കെ എം ഹരീഷ്, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ സി സുജിത്ത് കുമാർ, അസിസ്റ്റന്റ് എൻജിനീയർ കെ ശ്രീരാഗ് എന്നിവരടങ്ങിയ സംഘമാണ് പരിശോധിച്ചത്.


