കണ്ണൂർ: നഗരത്തിലെ കൺസ്ട്രക്ഷൻ സ്ഥാപനത്തിന്റെ മുൻവശത്തെ വാതിൽ കുത്തിത്തുറന്ന് ഒന്നരലക്ഷം രൂപ കവർന്ന പ്രതിയെ മണിക്കൂറുകൾക്കുള്ളിൽ പോലീസ് പിടികൂടി. താവക്കര സ്കൈ പാലസ് ഹോട്ടലിന് പിറകിലായി പ്രവർത്തിക്കുന്ന ‘ആകൃതി ഡിസൈൻ കൺസ്ട്രക്ഷൻ’ എന്ന സ്ഥാപനത്തിലാണ് കവർച്ച നടന്നത്.
ഒഡീഷ നയാഗഡ് ഗണ്ഡേരൻപൂർ സ്വദേശി സുശാന്ത നായക്കിന്റെ മകൻ ചന്ദൻ നായക്കിനെ (18) ആണ് കണ്ണൂർ ടൗൺ പോലീസ് പിടികൂടിയത്.തിങ്കളാഴ്ച പുലർച്ചെയാണ് ഓഫീസ് കുത്തിത്തുറന്ന് അലമാരയിൽ കറുത്ത ബാഗിൽ സൂക്ഷിച്ചിരുന്ന 1,50,000 രൂപ പ്രതി കവർന്നത്.തുടർന്ന് സ്ഥാപനമുടമയായ ചിറക്കൽ അലവിൽ സ്വദേശി കെ. അമേഷ് ടൗൺ പോലീസിൽ പരാതി നൽകി.
കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് അതിവിദഗ്ധമായി പ്രതിയെ ടൗണിൽ വെച്ച് തന്നെ പിടികൂടുകയായിരുന്നു. മോഷ്ടിച്ച ബാഗും പണവും പ്രതിയിൽ നിന്നും പോലീസ് കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും


