മഴക്കാല മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകൾ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡി. ആർ മേഘശ്രീ നിർദേശിച്ചു. മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ചേർന്ന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടർ.
അടിയന്തര സാഹചര്യങ്ങളിൽ ആളുകളെ സുരക്ഷിതമായി മാറ്റി താമസിപ്പിക്കുന്നതിനായി അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി ആവശ്യമായ ക്രമീകരണങ്ങളും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്ന് കളക്ടർ നിർദേശിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഭരണസമിതി-വാർഡ് സഭ യോഗങ്ങൾ ചേർന്ന് മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നും പറഞ്ഞു.
മഴക്കാലത്തിന് മുമ്പായി വൈദ്യുതി ലൈനുകൾക്ക് അപകടകരമായ നിൽക്കുന്ന മരങ്ങളും വൃക്ഷശിഖരങ്ങളും മുറിച്ച് നീക്കണം. ഡാമുകളിലെ ഷട്ടറുകൾ പ്രവർത്തനക്ഷമമാണെന്ന് ഉറപ്പുവരുത്തണം. ജില്ലയിലെ എല്ലാ സ്കൂളുകളുടെയും ഫിറ്റ്നസ് പരിശോധിക്കണമെന്നും നിർദേശിച്ചു. തോട്ടം തൊഴിലാളികളുടെ വാസകേന്ദ്രങ്ങളുടെ വിവരങ്ങളും ഭൂപടങ്ങളും ശേഖരിച്ച് ആവശ്യമായ ഇടങ്ങളിൽ ഒഴിപ്പിക്കൽ പദ്ധതികൾ തയ്യാറാക്കണം.
കെട്ടിക്കിടക്കുന്ന ജലം നീക്കം ചെയ്യുന്നതിനും പരിസര ശുചീകരണത്തിനും കൊതുക് നിവാരണ പ്രവർത്തനങ്ങൾക്കുമായി ആവശ്യമായ സാധനങ്ങളും ഉപകരണങ്ങളും തദ്ദേശ സ്ഥാപനങ്ങൾ മുൻകൂട്ടി സജ്ജമാക്കണം. കുടിവെള്ള സ്രോതസുകൾ അണുവിമുക്തമാക്കുകയും മഴക്കാലത്ത് ഉപയോഗിക്കുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കുന്നതിനും നടപടി സ്വീകരിക്കണം.
ടൗണുകളിലും റോഡരികുകളിലും അപകടകരമാംവിധം സ്ഥാപിച്ച ബോർഡുകൾ, ഫ്ലക്സ് ബോർഡുകൾ എന്നിവ നീക്കം ചെയ്യണം. പകർച്ചവ്യാധി പ്രതിരോധ മരുന്നുകൾ ലഭ്യമാണെന്ന് ഉറപ്പാക്കണമെന്നും കളക്ടർ നിർദേശിച്ചു.
പാറമടകളിലെ കുളങ്ങൾക്ക് ചുറ്റും മുള്ളുവേലിയോ കമ്പിവേലിയോ സ്ഥാപിച്ച് സുരക്ഷ ഉറപ്പാക്കണം. ക്യാമ്പുകളിലേക്കും മറ്റു ആവശ്യങ്ങൾക്കുമായി സപ്ലൈ ഓഫീസുകളിൽ അവശ്യ സാധനങ്ങൾ മതിയായ രീതിയിൽ സ്റ്റോക്ക് ചെയ്യണമെന്നും നിർദേശിച്ചു. നദികളിലും തടാകങ്ങളിലും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണം.
അപകടകരമായ രീതിയിൽ രൂപപ്പെട്ട റോഡുകളിലെ ഗർത്തങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും കളക്ടർ പറഞ്ഞു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സബ് കളക്ടർ അതുൽ സാഗർ, എഡിഎം എ.ജയശ്രീ, എല്‍.എ ഡെപ്യൂട്ടി കളക്ടര്‍ എം.കെ ഇന്ദു, ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു


