ദുബായ്: അബുദാബി, ദുബായ് വിമാനത്താവളങ്ങൾക്ക് നേരെയുണ്ടായ ഇറാന്റെ ആക്രമണത്തെ തുടർന്ന് യുഎഇയിൽ നിന്നുള്ള ഇരുപതിനായിരത്തിൽ അധികം യാത്രക്കാർ പ്രതിസന്ധിയിൽ. 20,200 യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുന്നത്.
യാത്രക്കാരെ സുരക്ഷിത കേന്ദ്രങ്ങളിലേക്കും ഹോട്ടലുകളിലേക്കും മാറ്റിയെന്ന് യുഎഇ അധികൃതർ അറിയിച്ചു. ഭക്ഷണവും വെള്ളവും അടിസ്‌ഥാന സൗകര്യങ്ങളും യാത്രക്കാർക്ക് ഉറപ്പാക്കിയെന്നും അധികൃതർ വ്യക്‌തമാക്കി. വ്യോമപാതകൾ അടച്ചതിനെ തുടർന്ന് ദുബായിലേക്കും പുറത്തേക്കുമുള്ള എല്ലാ സർവീസുകളും താൽക്കാലികമായി നിർത്തിവെച്ചതായി എമിറേറ്റ്സ് അറിയിച്ചു
ഞായറാഴ്‌ച വൈകീട്ട് മൂന്നുവരെയാണ് സർവീസുകൾ നിർത്തിവെച്ചത്. അടുത്ത മൂന്നുദിവസത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്‌തവർക്ക്, പത്ത് ദിവസത്തിനുള്ളിൽ മറ്റൊരു വിമാനം ബുക്ക് ചെയ്യാം. അതല്ലെങ്കിൽ പണം തിരികെ ആവശ്യപ്പെടാമെന്നും എമിറേറ്റ്സ് അറിയിച്ചു. യാത്രക്കായി വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുൻപ് വിമാനങ്ങളുടെ നിലവിലെ സ്‌റ്റാറ്റസ് പരിശോധിക്കണമെന്നും വിമാനക്കമ്പനി നിർദ്ദേശിച്ചു.
ഗൾഫിൽ 700ലേറെ വിമാനങ്ങൾ റദ്ദാക്കിയതായി റിപ്പോർട്ടുകളുണ്ട്. പശ്‌ചിമേഷ്യയിൽ നിന്ന് സർവീസ് നടത്തുന്ന 4329 വിമാനങ്ങളിൽ ഞായറാഴ്‌ചത്തെ 716 വിമാനങ്ങൾ റദ്ദാക്കിയതായാണ് റിപ്പോർട്. കൂടുതൽ വിമാനങ്ങൾ റദ്ദാക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. എമിറേറ്റ്സ്, ഫ്‌ളൈ ദുബായ്, എത്തിഹാദ് എയർവെയ്‌സ്, എയർ അറേബ്യ, ഖത്തർ എയർവെയ്‌സ്, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, എയർ ഇന്ത്യ, ബ്രിട്ടീഷ് എയർവെയ്‌സ്, സൗദിയ, ഒമാൻ എയർ ഉൾപ്പടെയുള്ള വിമാനക്കമ്പനികളാണ് സർവീസ് റദ്ദാക്കിയത്.
ഗൾഫിൽ മൂന്ന് വിമാനത്താവളങ്ങൾക്ക് നേരെയാണ് ഇറാൻ ആക്രമണം ഉണ്ടായത്. ദുബായ്, അബുദാബി വിമാനത്താവളങ്ങൾക്ക് പുറമെ ബഹ്‌റൈൻ വിമാനത്താവളത്തിന് നേരെയും ആക്രമണമുണ്ടായി. ഒരാൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. അബുദാബി സായിദ് രാജ്യാന്തര വിമാനത്താവളത്തിലാണ് ഒരു ഏഷ്യൻ വംശജൻ മരിച്ചത്. ദുബായ് വിമാനത്താവളത്തിൽ നാലുപേർക്കും പരിക്കേറ്റു. മിസൈൽ ആക്രമണത്തിൽ ബഹ്‌റൈൻ വിമാനത്താവളത്തിന് കേടുപാടുപറ്റി.


