180-ഓളം രാജ്യങ്ങളിലായി ഏകദേശം 2 ബില്ലിയനിലധികം പേർ ഉപയോഗിക്കുന്ന ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ഇൻസ്റ്റന്റ് മെസ്സേജിങ് ആപ്പാണ് വാട്‌സ്‌ആപ്പ്.ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഈ ആപ്പ് മെസേജിങ്ങിന് മാത്രമല്ല ഇന്റർനെറ്റ് കോളിങിനും ഫോട്ടോ, വീഡിയോ, രേഖകള്‍ എന്നിവ പങ്കുവയ്ക്കുന്നതിനും നിരവധി ആളുകളാണ് ഉപയോഗിക്കുന്നത്. ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ കണ്ടറിഞ്ഞ് കൃത്യമായ ഇടവേളകളില്‍ നിരവധി അപ്‍ഡേയ്റ്റുകളും ഫീച്ചറുകളുമാണ് ഇവർ നല്‍കുന്നതും. ഇത്തരത്തില്‍ വർഷങ്ങള്‍ക്ക് മുൻപേ വാട്സ്‌ആപ്പ് അവതരിപ്പിച്ച ഒരു ഫീച്ചർ ആണ് വാട്സ്‌ആപ്പ് വെബ് എന്ന് പറയുന്നത്. ഇപ്പോഴിതാ അതിലും പുതിയ ഒരു ഫീച്ചർ അവർ നല്‍കുകയാണ്. ഇനി മുതല്‍ കമ്പ്യൂട്ടറിലെ ബ്രൗസറില്‍ വാട്‌സ്‌ആപ്പ് വെബ് ഉപയോഗിക്കുമ്പോള്‍ മൊബൈല്‍ ഫോണിന്റെ സഹായമില്ലാതെ തന്നെ നേരിട്ട് വോയ്‌സ്, വീഡിയോ കോളുകള്‍ വിളിക്കാൻ കഴിയും.
ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവർക്ക് തങ്ങളുടെ ഡെസ്‌ക്‌ടോപ്പ് ആപ്ലിക്കേഷൻ ഇൻസ്റ്റാള്‍ ചെയ്യാതെ തന്നെ ആശയവിനിമയം നടത്താൻ ഇത് വളരെയേറെ സഹായകമാണ്. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സുരക്ഷയോടെയെത്തുന്ന ഈ മാറ്റം ഘട്ടം ഘട്ടമായാണ് ലഭ്യമാകുന്നത്.
എന്നാല്‍, ലോകത്തിന്റെ മറ്റിടങ്ങളില്‍ ഈ സൗകര്യം ലഭ്യമാകുമ്പോഴും, യുഎഇയില്‍ വാട്‌സ്‌ആപ്പ് കോളിംഗിന് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണം അപ്പോഴും തുടരും. ഇന്റർനെറ്റ് വഴിയുള്ള വോയ്‌സ് കോളുകള്‍ക്ക് ലൈസൻസുള്ള സേവന ദാതാക്കള്‍ക്ക് മാത്രമേ അനുമതിയുള്ളൂ എന്ന ടി.ഡി.ആർ.എ നിയമമാണ് ഇതിനു കാരണം. ഇക്കാരണത്താല്‍ തന്നെ നാട്ടിലുള്ള പ്രിയപ്പെട്ടവരുമായി സംസാരിക്കാൻ ബോട്ടിം (BOTIM), ഗോചാറ്റ് (GoChat) തുടങ്ങിയ ആപ്പുകളെ പ്രവാസികള്‍ക്ക് തുടർന്നും ആശ്രയിക്കേണ്ടി വരും.


