കണ്ണൂർ കാൽടെക്സിലെ ഏതുസമയവും തകർന്നുവീഴാൻ സാധ്യതയുള്ള ഒരു മൂന്നുനിലക്കെട്ടിടം പൊളിച്ചുനീക്കാൻ ഉത്തരവിട്ട് രണ്ടുമാസം കഴിഞ്ഞിട്ടും കോർപറേഷൻ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ജനുവരി 2ന് കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ് താഴെ പാർക്ക് ചെയ്തിരുന്ന വാഹനം തകർന്നിരുന്നു. ഇതിനെത്തുടർന്ന് കെട്ടിടം പൊളിച്ചുനീക്കാൻ സെക്രട്ടറി ഉത്തരവിട്ടിട്ടും എൻജിനിയറിങ് വിഭാഗം തുടർനടപടികൾ സ്വീകരിച്ചിട്ടില്ല.
60 വർഷത്തിലേറെ പഴക്കമുള്ള ഈ കെട്ടിടത്തിനു താഴെ ഇപ്പോഴും വാഹനങ്ങൾ നിർത്തിയിടുകയും അതിഥിത്തൊഴിലാളികൾ തമ്പടിക്കുകയും ചെയ്യുന്നതിനാൽ യാതൊരു സമയത്തും വലിയ ദുരന്തം സംഭവിക്കാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. കോർപറേഷൻ അപകട മുന്നറിയിപ്പ് ബോർഡുകൾ പോലും സ്ഥാപിക്കാതെ ദുരന്തത്തിനായി കാത്തിരിക്കുകയാണോ എന്ന് നാട്ടുകാർ ആശങ്ക പ്രകടിപ്പിക്കുന്നു.


