കണ്ണൂർ: നഗരത്തിൽ വിൽപനയ്ക്കായി എത്തിച്ച ഒരു കിലോയിലധികം കഞ്ചാവുമായി അസം സ്വദേശി എക്സൈസ് പിടിയിലായി. അസം സ്വദേശി ഷൗക്കത്ത് അലി (35) യെയാണ് കണ്ണൂർ എക്‌സൈസ് എൻഫോഴ്സ്‌മെന്റ് ആന്റ് ആന്റി നർകോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ കൈവശം ഉണ്ടായ 1.185 കിലോ ഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു.
എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ അധിക ചുമതല വഹിക്കുന്ന കെ. ഷാജിയും സംഘവുമാണ് പരിശോധനയ്ക്ക് നേതൃത്വം നൽകിയത്. പുതിയതെരു, വളപട്ടണം, കീരിയാട് എന്നീ ഭാഗങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ എക്സൈസ് സംഘം നിരീക്ഷണം ശക്തമാക്കിയിരുന്നു. എക്സൈസ് കമ്മീഷണർ സ്‌ക്വാഡ് അംഗങ്ങളായ പി.വി. ഗണേഷ് ബാബു, പി.പി. സുഹൈൽ എന്നിവർക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി പിടിയിലായത്.
പരിശോധനയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ആർ.പി. അബ്ദുൽ നാസർ, പി. അനിൽകുമാർ, സി. അജിത്ത്, പ്രിവന്റീവ് ഓഫീസർ പി.പി. സുഹൈൽ, സിവിൽ എക്സൈസ് ഓഫീസർമാരായ ഗണേഷ് ബാബു പി.വി, എം.വി. ശ്യാം രാജ്, കെ.ടി. ഫസൽ, വി.കെ. സായൂജ് എന്നിവരും പങ്കെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി. ലഹരി വിൽപനയുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.


