നിലമ്പൂർ: മോഷ്ടിച്ച സ്വർണമാല വിഴുങ്ങി പൊലിസിനെ കുഴപ്പിച്ച് യുവതി. നിലമ്പൂര് മുക്കട്ട സ്വദേശിയായ സമീനയാണ് (36) മാല മോഷണക്കേസില് അറസ്റ്റിലായത്.
പൊലിസ് കസ്റ്റഡിയിലെടുത്ത യുവതി സ്വർണമാല വിഴുങ്ങിയതായി സമ്മതിച്ചതോടെ തൊണ്ടിമുതല് വീണ്ടെടുക്കാനുള്ള കാത്തിരിപ്പിലാണ് നിലമ്പൂര് പൊലിസ്.
നിലമ്പൂരിലെ ഒരു സ്വകാര്യ ക്ലിനിക്കില് വച്ചായിരുന്നു സിനിമയെ വെല്ലുന്ന മോഷണം നടന്നത്. ഡോക്ടറെ കാണാനെത്തിയ കുഞ്ഞിനെ താലോലിച്ചും മാതാപിതാക്കളോട് കുശലാന്വേഷണം നടത്തിയുമാണ് സമീന വിശ്വാസം നേടിയെടുത്തത്. ഇതിനിടയില് അതീവ തന്ത്രപരമായി കുഞ്ഞിന്റെ കഴുത്തില് നിന്നും മാല കൈക്കലാക്കി. കുഞ്ഞിന്റെ മാല നഷ്ടപ്പെട്ട വിവരം മാതാപിതാക്കള് ശ്രദ്ധയില്പ്പെടുത്തിയതോടെ പൊലിസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.ക്ലിനിക്കിലെ സിസിടിവി ദൃശ്യങ്ങള് പരിശോധിച്ചതോടെയാണ് സമീനയെ തിരിച്ചറിഞ്ഞത്. തുടര്ന്ന് പൊലിസ് വീട്ടിലെത്തി ഇവരെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലില് കുറ്റം സമ്മതിച്ചെങ്കിലും മാല എവിടെയാണെന്ന ചോദ്യത്തിന് താന് അത് വിഴുങ്ങിയെന്നായിരുന്നു മറുപടി. പൊലിസ് ഉടന് തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ച് എക്സ്റേ പരിശോധനയ്ക്ക് വിധേയയാക്കി. പരിശോധനയില് വയറിനുള്ളില് മാല ഉണ്ടെന്ന് സ്ഥിരീകരിച്ചു.
'കുഞ്ഞിനെ താലോലിക്കുന്നതിനിടെയാണ് പ്രതി മാല കവര്ന്നത്. ചോദ്യം ചെയ്യലില് മാല വിഴുങ്ങിയെന്ന് വ്യക്തമായതോടെ എക്സ്റേയിലൂടെ ഇത് സ്ഥിരീകരിച്ചു. മാല സ്വാഭാവികമായ രീതിയില് പുറത്തുവരുന്നതിനായി മെഡിക്കല് നിരീക്ഷണത്തിലാണ് യുവതിയിപ്പോള്.'
നിലവില് പൊലിസ് കാവലില് ആശുപത്രിയില് കഴിയുകയാണ് സമീന. മാല പുറത്തെടുത്ത് തൊണ്ടിമുതല് രേഖപ്പെടുത്തിയ ശേഷം ഇവരെ കോടതിയില് ഹാജരാക്കും.


