പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കണ്ണൂർ ചാലാടിൽ ഫിഷ് ഫാമിൽ വൻ മോഷണം; ഒന്നര ലക്ഷം രൂപയുടെ മത്സ്യങ്ങളെയും ഉപകരണങ്ങളെയും കടത്തി

 


കണ്ണൂർ: ചാലാടിനടുത്ത് പ്രവർത്തിക്കുന്ന ഫിഷ് ഫാമിൽ നിന്ന് ലക്ഷങ്ങൾ വിലമതിക്കുന്ന വളർത്തുമത്സ്യങ്ങളെയും ഉപകരണങ്ങളെയും മോഷ്ടിച്ചു. ചാലാട് പഞ്ഞിക്കയിൽ മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്തെ പി.വി. മുഹമ്മദ് നിഹാലിന്റെ ഉടമസ്ഥതയിലുള്ള ‘റോയൽ ഫിഷ് ഫാമി’ലാണ് മോഷണം നടന്നത്.

വെള്ളിയാഴ്ച രാത്രി 11 മണിക്കും ശനിയാഴ്ച പുലർച്ചെ 5 മണിക്കും ഇടയിലാണ് സംഭവം. ഏകദേശം ഒന്നര ലക്ഷം രൂപയോളം വിലവരുന്ന മത്സ്യങ്ങൾ, അക്വേറിയങ്ങൾ, ഫിൽട്ടറുകൾ, മത്സ്യതീറ്റ എന്നിവയാണ് നഷ്ടപ്പെട്ടത്. ഉടമയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

നഷ്ടപ്പെട്ടവയിൽ അപൂർവ്വ മത്സ്യങ്ങളും:

ഒരെണ്ണത്തിന് 2000 രൂപയോളം വിലവരുന്ന റെഡ് സ്പോട്ട് സേവറം, വിവിധയിനം കോയികാർപ്പുകൾ, കളർ വിഡോ, ഫൈറ്റർ ഫിഷ് തുടങ്ങിയ ഇനങ്ങളാണ് മോഷ്ടിക്കപ്പെട്ടത്. ഫാമിലെ സിമന്റ്, ഫൈബർ ടാങ്കുകളിൽ ഉണ്ടായിരുന്ന മത്സ്യങ്ങളെ പാക്കറ്റിലാക്കിയാണ് കടത്തിയത്. ഇതിനിടയിൽ മോഷ്ടാക്കൾ ഫാമിൽ തന്നെ ഉപേക്ഷിച്ചു പോയ ഒരു പാക്കറ്റിലെ കളർ വിഡോ മത്സ്യക്കുഞ്ഞുങ്ങൾ ചത്ത നിലയിൽ കണ്ടെത്തി.

സ്ഥാപനത്തിന്റെ പിൻവശത്തെ മതിൽ ചാടിക്കടന്നാണ് മോഷ്ടാക്കൾ അകത്തുകയറിയതെന്ന് സംശയിക്കുന്നു. പത്ത് ലക്ഷത്തോളം രൂപയുടെ മത്സ്യശേഖരമാണ് ഈ ഫാമിൽ ഉണ്ടായിരുന്നത്. മോഷണവിവരമറിഞ്ഞ് വാർഡ് കൗൺസിലർ ഉമേഷ് കണിയാങ്കണ്ടി, പള്ളിക്കുന്ന് സോണൽ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ടി.പി. ജയമോഹൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.