പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നവർക്ക് 25000 രൂപ വരെ നഷ്ടപരിഹാരം നൽകാൻ ആർബിഐ; ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനും നീക്കം

 


ആദ്യമായി ഡിജിറ്റൽ തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്കായി നഷ്ടപ്പെട്ട തുകയുടെ 70 ശതമാനം അല്ലെങ്കിൽ പരമാവധി 25,000 രൂപ വരെ നഷ്ടപരിഹാരം നല്കാൻ പദ്ധതിയുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിനാവശ്യമായ നിയമപരമായ ചട്ടക്കൂട് ഉടൻ ആവിഷ്കരിക്കച്ചേക്കുമെന്ന് ആർ ബി ഐ ഗവർണർ സഞ്ജയ് മൽഹോത്ര അറിയിച്ചു.

ഡിജിറ്റൽ പണമിടപാടുകളുടെ സുരക്ഷ വർധിപ്പിക്കുന്നതിനായി മുതിർന്ന പൗരന്മാർക്ക് പ്രത്യേക സുരക്ഷാ മാനദണ്ഡങ്ങൾ, വായ്പ തിരിച്ചടവ് നിയന്ത്രണങ്ങൾ, തെറ്റായ ഉൽപ്പന്നങ്ങൾ വിൽക്കുന്നത് (mis-selling) തടയൽ എന്നിവയ്ക്കായി പുതിയ മാർഗനിർദ്ദേശങ്ങളും പുറത്തിറക്കും. റിസ‌ർവ് ബാങ്കിന്റെ പണനയ സമിതിയുടെ ഫെബ്രുവരിയിൽ ചേർന്ന ദ്വൈമാസ അവലോകന യോ​ഗത്തിലാണ് സുപ്രധാന തീരുമാനങ്ങളെടുത്തത്.

ഡിജിറ്റൽ തട്ടിപ്പുകളിൽ 65 ശതമാനവും 55,000 രൂപയിൽ താഴെയുള്ള ചെറിയ തുകകളാണെന്ന് ആർബിഐ നിരീക്ഷണം. ഉപഭോക്താവ് അബദ്ധവശാൽ തട്ടിപ്പുകാർക്ക് ഒടിപി കൈമാറിയാൽ പോലും ആദ്യത്തെ തവണയാണ് ഇത്തരത്തിൽ തെറ്റ് സംഭവിക്കുന്നതെങ്കിൽ ഇരക്ക് നഷ്ടപരിഹാരം ലഭിക്കാൻ അർഹതയുണ്ട്. 70 ശതമാനം ഇത്തരത്തിൽ തിരികെ പിടിക്കാമെങ്കിലും പോയ തുകയുടെ ബാക്കി 30 ശതമാനം നഷ്ടം 15 ശതമാനം ബാങ്കും 15 ശതമാനം ഉപഭോക്താവും വഹിക്കണം.

ആർബിഐയുടെ ഡെപ്പോസിറ്റർ എഡ്യൂക്കേഷൻ ഫണ്ടിലെ തുകയും ബാങ്കുകളിൽ അവകാശികളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങളിലെ പലിശയുമാണ് ഇത്തരത്തിൽ നഷ്ടപരിഹാരം നൽകുന്നതിനായി ഉപയോഗിക്കുക. അതേസമയം, ബാങ്കുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കാർഡ്/ഇന്റർനെറ്റ് തട്ടിപ്പുകൾ മുൻ വർഷത്തെ അപേക്ഷിച്ച് വലിയ രീതിയിൽ കുറഞ്ഞതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.