കണ്ണൂർ: ദേശീയപാത വികസനത്തിന്റെ ഭാഗമായി നടാൽ ഒകെ യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കുമെന്ന ഉറപ്പ് ദേശീയപാത അതോറ്റി പാലിക്കാത്തതിൽ പ്രതിഷേധിച്ച് കണ്ണൂർ ജില്ലയിൽ ഫെബ്രുവരി അഞ്ചിന് സ്വകാര്യ ബസ്സുകൾ പണിമുടക്കുന്നു. ബസ് ഓപ്പറേറ്റേഴ്സ് കോർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ജില്ലയിലെ സ്വകാര്യ ബസ്സുകൾ പൂർണ്ണമായും സർവീസ് നിർത്തിവെക്കുന്നതോടെ പൊതുഗതാഗതത്തെ ആശ്രയിക്കുന്ന വിദ്യാർത്ഥികളും തൊഴിലാളികളും ഉൾപ്പെടെ യാത്രക്കാർ ദുരിതത്തിലാകും.
ദേശീയപാത 66-ന്റെ നിർമാണം പൂർത്തിയാകുമ്പോൾ നടാൽ ഒ.കെ.യുപി സ്കൂളിന് സമീപം അടിപ്പാത നിർമിക്കണമെന്നത് വർഷങ്ങളായുള്ള ആവശ്യമാണ്. എന്നാൽ നിലവിലെ അശാസ്ത്രീയമായ നിർമാണം കാരണം അടിപ്പാതയില്ലെങ്കിൽ കണ്ണൂർ-തോട്ടട വഴി തലശ്ശേരിയിലേക്ക് പോകുന്ന ബസ്സുകൾക്ക് ഏകദേശം 6-7 കിലോമീറ്റർ അധികം ദൂരം ചുറ്റി സഞ്ചരിക്കേണ്ടി വരും. അധിക ദൂരം ഓടുന്നത് ഇന്ധനച്ചെലവ് വർദ്ധിപ്പിക്കുമെന്നും നിലവിലെ സാമ്പത്തിക പ്രതിസന്ധിക്കിടയിൽ ഇത് താങ്ങാനാവില്ലെന്നും ബസ്സുടമകൾ വ്യക്തമാക്കുന്നു. നിലവിലുള്ള സർവീസ് റോഡുകളുടെ വീതിക്കുറവും ഉയരക്കുറവും വലിയ വാഹനങ്ങൾ കടന്നുപോകുന്നതിന് തടസ്സമാകുന്നുണ്ട്.നാളെ പുലർച്ചെ മുതൽ വൈകുന്നേരം വരെയാണ് പണിമുടക്ക്.


