കോഴിക്കോട്: കൊയിലാണ്ടിയില്‍ ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ് ഒന്നാം ക്ലാസ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു.കോതമംഗലം ജി.എല്‍.പി സ്കൂളിലെ വിദ്യാർത്ഥിനി ആരാധ്യയ്ക്കാണ് (6) പരിക്കേറ്റത്. ഡ്രൈവറുടെ അശ്രദ്ധയും വാഹനത്തിന്റെ അമിതവേഗവുമാണ് അപകടത്തിന് കാരണമായത്.
സ്കൂള്‍ കഴിഞ്ഞ് കുട്ടികളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഓട്ടോറിക്ഷ. അമിതവേഗത്തില്‍ ഒരു വളവ് തിരിയുന്നതിനിടെയാണ് പിൻസീറ്റിലിരുന്ന ആരാധ്യ റോഡിലേക്ക് തെറിച്ചുവീണത്. എന്നാല്‍ കുട്ടി വീണ വിവരം ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം വേഗത്തില്‍ ഓടിച്ചുപോയി. ഈ ദൃശ്യങ്ങള്‍ സമീപത്തെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. റോഡില്‍ വീണ കുട്ടിയെ നാട്ടുകാരാണ് ഓടിയെത്തി രക്ഷപ്പെടുത്തിയത്.
അപകടത്തില്‍ ആരാധ്യയുടെ കൈകള്‍ക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. ഉടൻ തന്നെ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തില്‍ ഓട്ടോറിക്ഷ ഡ്രൈവറുടെ ഭാഗത്തുനിന്ന് വലിയ സുരക്ഷാ വീഴ്ചയുണ്ടായെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ കൊയിലാണ്ടി പോലീസില്‍ പരാതി നല്‍കി.


