പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

കണ്ണൂർ നഗരത്തിൽ ‘മോട്ടു’ ഇറങ്ങി; നിയമം പാലിച്ചവർക്ക് ചോക്ലേറ്റ്, തെറ്റിച്ചാൽ ‘ഗദ’യുടെ തട്ട്!

 


കണ്ണൂർ: റോഡ് നിയമങ്ങൾ പാലിക്കാത്തവരെ സ്നേഹത്തോടെ ശാസിക്കാനും നല്ലവരെ ആദരിക്കാനും മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക ചിഹ്നമായ ‘മോട്ടു’ എന്ന ആനക്കുട്ടി കണ്ണൂർ നഗരത്തിലിറങ്ങി. ഞായറാഴ്ച ഉച്ചയോടെ മേലെചൊവ്വ, കാൽടെക്സ് എന്നിവിടങ്ങളിലെ തിരക്കേറിയ റോഡുകളിലാണ് സംസ്ഥാന വ്യാപകമായുള്ള റോഡ് സുരക്ഷാ ബോധവൽക്കരണത്തിന്റെ ഭാഗമായി മോട്ടു എത്തിയത്.

സീബ്രാ ലൈനുകളിലൂടെ റോഡ് മുറിച്ചുകടക്കുന്നവരെ പരിഗണിക്കാതെ വാഹനം ഓടിച്ച ഡ്രൈവർമാർക്ക് മോട്ടുവിന്റെ കയ്യിലുള്ള ചെറിയ ഗദ കൊണ്ട് ‘സ്നേഹത്തിന്റെ തട്ട്’ കിട്ടി. മറിച്ച്, കാൽനടയാത്രക്കാരെ കണ്ട് വാഹനം നിർത്തിക്കൊടുത്ത ഡ്രൈവർമാർക്ക് മോട്ടു ചോക്ലേറ്റ് സമ്മാനിക്കുകയും ചെയ്തു. സീബ്രാ ലൈൻ ഉണ്ടായിട്ടും അത് ഉപയോഗിക്കാതെ റോഡ് മുറിച്ചുകടന്ന കാൽനടയാത്രക്കാർക്കും മോട്ടു സ്നേഹത്താക്കീത് നൽകി.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കൗതുകമായ മോട്ടുവിനൊപ്പം സെൽഫിയെടുക്കാൻ നിരവധി പേരാണ് എത്തിയത്. കേരള സംസ്ഥാന തദ്ദേശദിനാഘോഷമായ ‘ഹാപ്പിനസ് ഫെസ്റ്റി’ന്റെ ഭാഗമായി മോട്ടോർ വാഹന വകുപ്പ് ഒരുക്കിയ സ്റ്റാളും മോട്ടു സന്ദർശിച്ചു.

ഇതൊരു സ്നേഹ മുന്നറിയിപ്പാണെന്നും ഇനിയും നിയമലംഘനം ആവർത്തിക്കുന്നവർക്കെതിരെ കർശന ശിക്ഷാനടപടികൾ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. കണ്ണൂർ ആർ.ടി.ഒ ഇ.എസ്. ഉണ്ണിക്കൃഷ്ണന്റെ നിർദേശപ്രകാരം മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വി. പ്രജിത്ത്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ കെ. സബിൻ, പി. ധനേഷ്, അഖിൽ, വിവേക് രാജ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.