മണിയൻപിള്ള രാജു ഓടിച്ച കാർ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ നടനെതിരെ കേസെടുത്ത് പൊലീസ്. മണിയൻപിള്ള രാജുവിനെതിരെ മൂന്നു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസെടുത്തതിന്റെ എഫ് ഐ ആർ വിവരങ്ങൾ പുറത്ത്.
പരിക്കേറ്റവർക്ക് പ്രഥമ ശുശ്രൂഷ നൽകാൻ മണിയൻപിള്ള രാജു സഹായിച്ചില്ല. യഥാസമയം അപകട വിവരം ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചില്ല. വാഹനം നിർത്താതെ ഓടിച്ചുപോയി. ജീവഹാനി സംഭവിക്കുന്ന തരത്തിൽ വാഹനം ഓടിച്ചു. അപകടകരമാകുന്ന രീതിയിൽ വാഹനം ഓടിച്ചു തുടങ്ങിയ കരണങ്ങൾ മുൻനിർത്തിയാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
തിരുവനന്തപുരത്ത് ഇന്നലെ രാത്രി ട്രിവാൻഡ്രം ക്ലബ്ബിനു മുന്നിൽ വെച്ച് നടൻ ഓടിച്ച വാഹനം ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ 2 ബൈക്ക് യാത്രികർക്ക് പരുക്ക് പറ്റിയിട്ടുണ്ട്. നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണു ഗുരുതരമായ പരുക്കേറ്റത്. മണിയൻപിള്ള രാജു ഇന്ന് പൊലീസ് സ്റ്റേഷനിൽ ഹാജരാകും. അപകടം ഉണ്ടാക്കിയ കാറുമായി എത്തുമെന്ന് പൊലീസിനെ അറിയിച്ചിട്ടുണ്ട്.


