കണ്ണൂർ: വേനല്‍ കനക്കും മുൻപേ കണ്ണൂർ ജില്ല ചുട്ടുപൊള്ളുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയില്‍ ചൂട് ക്രമാതീതമായി വർദ്ധിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ശനിയാഴ്ച രാജ്യത്തെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് കണ്ണൂരിലാണ്.
കണ്ണൂർ വിമാനത്താവളത്തില്‍ ശനിയാഴ്ച 38.4 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ഞായറാഴ്ചയും സ്ഥിതി വ്യത്യസ്തമല്ല; 38 ഡിഗ്രിക്ക് മുകളിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ താപനില അനുഭവപ്പെട്ടത്. താരതമ്യേന ചൂട് കൂടുതലനുഭവപ്പെടുന്ന നെടുമ്ബാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഞായറാഴ്ച 36.3 ഡിഗ്രി രേഖപ്പെടുത്തിയപ്പോഴാണ് കണ്ണൂരില്‍ താപനില റെക്കോർഡുകള്‍ ഭേദിച്ചത്.
താപനില ഉയർന്നതോടെ ജില്ലയിലെ മലയോര മേഖലകളില്‍ പുഴകള്‍ വറ്റിവരണ്ടു തുടങ്ങി. വേനല്‍ കടുക്കുന്നതോടെ കുടിവെള്ളക്ഷാമം അതിരൂക്ഷമാകാൻ ഇത് കാരണമായേക്കാം. ജലസ്രോതസ്സുകള്‍ വറ്റുന്നത് കൃഷിയെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്.
വരും ദിവസങ്ങളില്‍ കണ്ണൂരിലെ താപനില 40 ഡിഗ്രി സെല്‍ഷ്യസിന് മുകളിലെത്താൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ തണല്‍ മരങ്ങള്‍ വ്യാപകമായി മുറിച്ചുമാറ്റുന്നത് അത്യുഷ്ണം വർദ്ധിക്കാൻ പ്രധാന കാരണമാകുന്നതായി പരിസ്ഥിതി പ്രവർത്തകർ ആരോപിക്കുന്നു.


