തിരുവനന്തപുരം: സർക്കാർ ഓഫീസുകളില്‍ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനങ്ങള്‍ എന്ന നിർദ്ദേശത്തിന് സർക്കാർ ജീവനക്കാരുടെ സംഘടനകള്‍ തത്വത്തില്‍ അംഗീകാരം നല്‍കി.
ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത സംഘടന പ്രതിനിധികളുടെ ഓണ്‍ലൈൻ യോഗത്തിലാണ് ഈ ധാരണയായത്. ശനിയാഴ്ച അവധി നല്‍കുന്നതിന് പകരമായി മറ്റ് ദിവസങ്ങളിലെ പ്രവൃത്തി സമയം വർദ്ധിപ്പിക്കുന്നതിനോട് സംഘടനകള്‍ എതിർപ്പ് പ്രകടിപ്പിച്ചില്ല.
അഞ്ച് പ്രവൃത്തിദിനങ്ങളിലേക്ക് മാറുമ്ബോള്‍ പൊതു അവധികളും കാഷ്വല്‍ ലീവുകളും വെട്ടിച്ചുരുക്കണമെന്ന സർക്കാർ നിർദ്ദേശത്തില്‍ സംഘടനകള്‍ കടുത്ത വിയോജിപ്പ് അറിയിച്ചു. ആശുപത്രികള്‍ പോലുള്ള അവശ്യ സർവീസുകളുടെ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യ വകുപ്പിലെ ജീവനക്കാരുടെ കാര്യത്തില്‍ പ്രത്യേക മാനദണ്ഡങ്ങള്‍ വേണമെന്ന് യോഗത്തില്‍ അഭിപ്രായമുയർന്നു.ഭരണ പരിഷ്കരണ കമ്മീഷനും ശമ്ബള പരിഷ്കരണ കമ്മീഷനും നേരത്തെ തന്നെ ആഴ്ചയില്‍ അഞ്ച് പ്രവൃത്തിദിനം എന്ന ശുപാർശ മുന്നോട്ടുവെച്ചിരുന്നു. നിലവില്‍ പ്രാഥമികമായ അഭിപ്രായ ശേഖരണമാണ് നടന്നതെന്നും, ജീവനക്കാരുടെ ആശങ്കകള്‍ കൂടി പരിഗണിച്ച ശേഷം തുടർ നടപടികള്‍ സ്വീകരിക്കുമെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.


