പഴയങ്ങാടി ലൈവ് വാട്സപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 👉 ഇവിടെ ക്ലിക്ക് ചെയ്യുക
PAYANGADI WEATHER Sunenergia adTheyyam Online

തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു

 



കണ്ണൂർ: മന്ത്രി വീണാ ജോർജിനെതിരായ യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രതിഷേധത്തിന് പിന്നാലെ കണ്ണൂർ ജില്ലയിൽ വ്യാപക രാഷ്ട്രീയ സംഘർഷം. തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് അജ്ഞാതർ തീയിട്ടു. കണ്ണൂരിൽ എസ്.എഫ്.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ ഡി.സി.സി ഓഫീസിന് നേരെ കല്ലേറുണ്ടായി. ആക്രമണത്തിൽ അഞ്ച് കോൺഗ്രസ് – യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരിക്കേറ്റു.


തലശ്ശേരിയിൽ കോൺഗ്രസ് ഓഫീസിന് തീയിട്ടു:


ബുധനാഴ്ച അർധരാത്രിയോടെയാണ് തലശ്ശേരി കോടിയേരി കല്ലിൽത്താഴത്തെ കോൺഗ്രസ് പാറാൽ മണ്ഡലം കമ്മിറ്റി ഓഫീസിന് തീയിട്ടത്. റോഡരികിലെ കെട്ടിടത്തിന്റെ ഒന്നാം നിലയിലാണ് ഈ ഓഫീസ് പ്രവർത്തിക്കുന്നത്. വിവരമറിഞ്ഞെത്തിയ അഗ്നിരക്ഷാസേനയാണ് തീയണച്ചത്. ആക്രമണത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു.


ഡി.സി.സി ഓഫീസിന് നേരെ കല്ലേറ്; 5 പേർക്ക് പരിക്ക്:


കഴിഞ്ഞ ദിവസം കെ.എസ്.യു പ്രവർത്തകരുടെ പ്രതിഷേധത്തിനിടെ മന്ത്രി വീണാ ജോർജിന് പരിക്കേറ്റെന്ന് ആരോപിച്ച് ബുധനാഴ്ച രാത്രി ഏഴോടെ സി.പി.എം – എസ്.എഫ്.ഐ പ്രവർത്തകർ കണ്ണൂരിൽ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. തളാപ്പ് റോഡിലൂടെ ഡി.സി.സി ഓഫീസിന് മുന്നിലെത്തിയ പ്രകടനത്തിൽ നിന്നും ഓഫീസിന് നേരെ കല്ലേറുണ്ടായി.


ഓഫീസിലുണ്ടായിരുന്ന യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി, യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.കെ. വരുൺ, ബി.സി. അഖിൽ എന്നിവരുൾപ്പെടെ അഞ്ചുപേർക്ക് പരിക്കേറ്റു. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ടൗൺ പോലീസ് ഇൻസ്‌പെക്ടർ പി.എ. ബിനുമോഹൻ, എസ്‌.ഐ വി.വി. ദീപ്തി എന്നിവരുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് എത്തിയതോടെയാണ് പ്രവർത്തകർ പിരിഞ്ഞുപോയത്.


പോലീസ് സ്റ്റേഷന് മുന്നിൽ എസ്.എഫ്.ഐ – കെ.എസ്.യു പോർവിളി:


മന്ത്രിയെ ആക്രമിച്ച കേസിൽ കെ.എസ്.യു ജില്ലാ പ്രസിഡന്റ് എം.സി. അതുൽ ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിലെടുത്ത് ടൗൺ സ്റ്റേഷനിൽ എത്തിച്ചതറിഞ്ഞ് എസ്.എഫ്.ഐ പ്രവർത്തകർ അവിടേക്കും പ്രതിഷേധവുമായെത്തി. മന്ത്രിയെ ആക്രമിച്ചവർക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്നും, സ്റ്റേഷന് പുറത്തിറങ്ങിയാൽ കൈകാര്യം ചെയ്യുമെന്നും എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ശരത് രവീന്ദ്രൻ ഭീഷണി മുഴക്കി.


അതേസമയം, ഡി.സി.സി ഓഫീസ് ആക്രമിച്ചാൽ അതേരീതിയിൽ തിരിച്ചടിക്കുമെന്ന് പരിക്കേറ്റ കെ.എസ്.യു സംസ്ഥാന സെക്രട്ടറി ഫർഹാൻ മുണ്ടേരി പ്രതികരിച്ചു. ആരോഗ്യമേഖല സംരക്ഷിക്കാനായുള്ള ന്യായമായ സമരമാണ് നടത്തുന്നതെന്നും അതുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.