ബെംഗളൂരു: ഹൊസക്കോട്ടയില്‍ വെള്ളിയാഴ്ച പുലർച്ചെയുണ്ടായ വാഹനാപകടത്തില്‍ മരണപെട്ടവരില്‍ രണ്ട് മലയാളികള്‍. യെലഹങ്ക ആർവി കോളേജിലെ വിദ്യാർത്ഥികളായ അശ്വിൻ നായർ, ഏഥൻ ജോർജ് എന്നിവരാണ് മരിച്ചത്.വെള്ളിയാഴ്ച പുലർച്ചെ 4.50ഓടെയാണ് ഹൊസക്കോട്ടയില്‍ വെച്ച് നടുക്കുന്ന അപകടമുണ്ടായത്.
യെലഹങ്ക ആർവി കോളേജിലെ വിദ്യാർത്ഥികളായ അശ്വിൻ നായർ, ഏഥൻ ജോർജ്, അർഹാൻ ഷെരീഫ്, അയാൻ അലി, ഭരത്, ഫർഹാൻ എന്നിവരാണ് അപകടത്തില്‍ കൊല്ലപ്പെട്ട വിദ്യാർഥികള്‍. കാറിലുണ്ടായിരുന്ന ആറ് പേരും തല്‍ക്ഷണം തന്നെ മരണപ്പെട്ടു.
മരിച്ചവരില്‍ ഏഴാമത്തെ ആള്‍ വിദ്യാർത്ഥികള്‍ സഞ്ചരിച്ചിരുന്ന കാർ ഇടിച്ചുതെറിപ്പിച്ച ബൈക്ക് യാത്രക്കാരനായ ഗഗൻ ആണ്.,നിയന്ത്രണം വിട്ട കാർ ആദ്യം ഗഗൻ എന്നയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചു. ഇതിനുശേഷം കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയും തുടർന്ന് എതിർദിശയില്‍ നിന്ന് വരികയായിരുന്ന ലോറിയിലും മറ്റൊരു കാറിലും ഇടിക്കുകയുമായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ വിദ്യാർത്ഥികള്‍ സഞ്ചരിച്ചിരുന്ന കാർ പൂർണ്ണമായും തകരുകയും ചരക്കുലോറി റോഡില്‍ തലകീഴായി മറിയുകയും ചെയ്തു. 17 വയസ്സുകാരനായ അയാൻ അലിയാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് പോലീസിന്റെ നിഗമനം.


