കൊച്ചി: ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ കേരള പോലീസിന്റെ മുഖമായിരുന്ന നടൻ ടിനി ടോമിന്റെ മകൻ ആദം ഷീം (21) കഞ്ചാവുമായി പിടിയിലായി. തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസാണ് ആദം ഷീം ഉൾപ്പെടെ മൂന്ന് യുവാക്കളെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം.
തൃപ്പൂണിത്തുറ തിരുവാങ്കുളത്തെ മകളിയം ക്ഷേത്ര പരിസരത്ത് പുലർച്ചെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസിന് ചില യുവാക്കളുടെ സാന്നിധ്യത്തിൽ സംശയം തോന്നി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ആദം ഷീം, കാർത്തിക്, അമിത് ജോർജ് എന്നിവരെ പിടികൂടിയത്. ഇവരിൽ നിന്ന് 4 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. സ്വന്തം ഉപയോഗത്തിനായി ലഹരി കൈവശം വെച്ചതാണെന്ന് പ്രതികൾ പോലീസിനോട് സമ്മതിച്ചതായാണ് വിവരം. ചെറിയ അളവായതിനാൽ നടപടിക്രമങ്ങൾക്ക് ശേഷം ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സിനിമയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് ടിനി ടോം മുൻപ് നടത്തിയ വെളിപ്പെടുത്തലുകൾ വലിയ ചർച്ചയായിരുന്നു. ലഹരിക്ക് അടിമയായ ഒരു പ്രമുഖ നടന്റെ പല്ലുകൾ പൊടിഞ്ഞുപോകുന്നത് കണ്ടുവെന്നും, ആ പേടി കാരണമാണ് തന്റെ മകനെ സിനിമയിൽ അഭിനയിക്കാൻ വിടാത്തതെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞിരുന്നു.
കേരള പോലീസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനായ ‘യോദ്ധാവി’ന്റെ അംബാസഡർ കൂടിയാണ് ടിനി ടോം.അച്ഛൻ ഭയന്ന അതേ ലഹരിയുടെ വഴിയിൽ തന്നെ മകൻ എത്തിയത് സിനിമാ ലോകത്തെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്. സംഭവത്തിൽ ടിനി ടോം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.


