മാലൂർക്കുന്ന് എ.ആർ. ക്യാംപ് റോഡിലുണ്ടായ സ്‌കൂട്ടർ അപകടത്തിൽ പിതാവും മകളും മരിച്ച സംഭവത്തിന്റെ നടുക്കത്തിലാണ് നാട്ടുകാർ. താവം പള്ളിക്കര സ്വദേശി റാഫി (48), മകൾ ഫാത്തിമ നേഹ (18) എന്നിവരാണ് മരിച്ചത്.
മകൾ കാത്തിരിക്കുന്നുണ്ടെന്നും പറഞ്ഞ് മരണവീട്ടിൽ നിന്ന് ഇറങ്ങിയ റാഫി സ്വന്തം മരണത്തിലേക്കാണ് ഇറങ്ങിയതെന്ന് നാട്ടുകാർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. സഹോദരന്റെ അടുത്ത ബന്ധു മരിച്ചതിനാലാണ് വൈകിട്ട് റാഫി ചെറുവറ്റയിലെത്തിയത്.
മകളെ കോളേജിൽനിന്ന് കൂട്ടാനുണ്ടെന്ന് പറഞ്ഞ് ഇവിടെനിന്ന് സംസ്‌കാര ചടങ്ങിന് മുമ്പേ സ്‌കൂട്ടറുമെടുത്ത് ഇറങ്ങി. വെള്ളിമാട്കുന്ന് ജെഡിടി കോളേജിലെ ഒന്നാം വർഷ ബികോം വിദ്യാർത്ഥിനിയായ ഫാത്തിമ നേഹയെ കൂട്ടി വീട്ടിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം.
മാലൂർകുന്നിൽനിന്ന് കണ്ണാടിക്കലേക്കുള്ള എളുപ്പവഴിയാണ് ഇരുവരുടെയും ജീവനെടുത്തത്. മാലൂർക്കുന്ന് എആർ ക്യാംപ് റോഡ് വഴി പറമ്പിൽ ബസാർ ഭാഗത്തേക്ക് യാത്ര ചെയ്യുകയായിരുന്ന ഇരുവരും സഞ്ചരിച്ച സ്‌കൂട്ടർ ഇറക്കത്തിൽ നിയന്ത്രണം വിട്ട് താഴ്ചയിലുള്ള വീടിന്റെ തറയിൽ പതിക്കുകയായിരുന്നു.
ഇവിടെ നിർത്തിയിട്ടിരുന്ന രണ്ട് സ്‌കൂട്ടറുകളെയും തട്ടിത്തെറിപ്പിച്ചാണ് 20 അടിയോളമുള്ള താഴ്ചയിലേക്ക് റാഫിയും മകളും പതിച്ചത്. നിലത്തേക്ക് വീഴുന്നതിനിടെ ഹെൽമെറ്റ് തെറിച്ചുപോയിരുന്നു. തലയിടിച്ച് വീണതിനാൽ സംഭവ സ്ഥലത്തുതന്നെ ഇരുവരും മരിച്ചു.
എരഞ്ഞിക്കൽ ഫാത്തിമ മഹലിൽ റാഫിയുടെ മൂന്ന് മക്കളിൽ ഇളയവളാണ് ഫാത്തിമ നേഹ. പത്ത് വർഷത്തോളം വിദേശത്തായിരുന്ന റാഫി എരഞ്ഞിക്കലിൽ സിമന്റ് കടയിൽ ജോലി ചെയ്ത് വരികയാണ്.
മൂത്ത മകളുടെ പ്രസവം സംബന്ധിച്ച് ഭാര്യ ജിസാറ രണ്ടാഴ്ചയായി കുവൈത്തിലാണ്. വീട്ടിലെത്താനിരിക്കുന്ന പുതിയ അംഗത്തെ സന്തോഷത്തോടെ കാത്തിരിക്കുന്നതിനിടെയാണ് ദാരുണമായ സംഭവം. ഭർത്താവ് റാഫിക്കുണ്ടായ അപകടം ജിസാറയെ അറിയിച്ചിട്ടുണ്ടെങ്കിലും മകളുടെ മരണവിവരം അറിയിച്ചിട്ടില്ല. ജിസാറ ഇന്ന് നാട്ടിലെത്തുമെന്നാണ് വിവരം.


