പത്തനംതിട്ട: അപകടത്തിൽ പരിക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച ആലിൻ ഷെറിൻ ഏബ്രഹാമിന്റെ (ഒമ്പത് മാസം) മൃതദേഹം ഇന്ന് ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിക്കും. സംസ്‌ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവ ദാതാവാണ് ആലിൻ. വീട്ടിൽ പൊതുദർശനം ആരംഭിച്ചു.
പത്തനംതിട്ട മല്ലപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ ചാപ്പലിൽ രാവിലെ ഏഴോടെ പ്രാർഥനാ ചടങ്ങുകൾ ആരംഭിച്ചു. ശേഷം എട്ടുമണിയോടെ നെടുങ്ങാടപ്പള്ളിയിലെ വീട്ടിലെത്തിച്ചു. വീട്ടിനുള്ളിലെ പ്രാർഥനാ ചടങ്ങിന് ശേഷമാണ് പൊതുദർശനം ആരംഭിച്ചത്. വീട്ടിൽ നൂറുകണക്കിന് പേരാണ് ആലിന് അന്തിമോപചാരം അർപ്പിക്കാനായി എത്തിക്കൊണ്ടിരിക്കുന്നത്.
ഉച്ചയ്‌ക്ക് രണ്ടുമണിവരെ വീട്ടിൽ പൊതുദർശനം തുടരും. തുടർന്ന് പ്രാർഥനാ ശുശ്രൂശകൾ നടക്കും. മൂന്നുമണിയോടെ വിലാപയാത്രയായി നെടുങ്ങാടപ്പള്ളി സെന്റ് തോമസ് പള്ളിയിലേക്ക് കൊണ്ടുപോകും. നാലുമണിയോടെ പള്ളിയിലെ പ്രാർഥനകൾക്ക് ശേഷം സംസ്‌കാരം നടക്കും. മന്ത്രിമാരടക്കം നിരവധി ആളുകൾ വീട്ടിലെത്തി അന്തിമോപചാരം അർപ്പിക്കും.
മല്ലപ്പള്ളി വാലുമണ്ണിൽ അരുൺ ഏബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും ഏകമകളായ ആലിന് കഴിഞ്ഞ അഞ്ചിന് എംസി റോഡിൽ പള്ളത്തുണ്ടായ അപകടത്തിലാണ് ഗുരുതരമായി പരിക്കേറ്റത്. കുടുംബം സഞ്ചരിച്ചിരുന്ന കാറിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ആലിനെ ആറാം തീയതി കൊച്ചി അമൃത ആശുപത്രിയിൽ എത്തിച്ചു.
വ്യാഴാഴ്‌ച മസ്‌തിഷ്‌ക മരണം സംഭവിച്ചതോടെ മാതാപിതാക്കൾ അവയവദാനത്തിന് സന്നദ്ധത അറിയിക്കുകയായിരുന്നു. ആലിന്റെ ഇരുവൃക്കകളും കരളും ഉൾപ്പടെയുള്ള അവയവങ്ങളാണ് ദാനം ചെയ്‌തത്. രാത്രിയിൽ ഹെലികോപ്‌ടർ യാത്ര പ്രയോഗികമല്ലാത്തതിനാൽ റോഡ് മാർഗമാണ് അവയവങ്ങൾ തിരുവനന്തപുരത്ത് എത്തിച്ചത്.
ആറുമാസം പ്രായമുള്ള ഡ്രിയയും പത്തുവയസുള്ള ശ്രേയയുമാണ് അവയവങ്ങൾ സ്വീകരിച്ചത്. ഡ്രിയയുടെ ശസ്‌ത്രക്രിയ കിംസ് ഹെൽത്തിലും ശ്രേയയുടെ ശസ്‌ത്രക്രിയ മെഡിക്കൽ കോളേജ് ആശുപത്രിയിലുമാണ് നടന്നത്. ആലിന്റെ കരൾ ഡ്രിയയിലും വൃക്കകൾ ശ്രേയയും സ്വീകരിച്ചു. കുട്ടികളുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് ഡോക്‌ടർമാർ അറിയിച്ചു.


