തിരുവനന്തപുരം : രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി കെഎൻ ബാലഗോപാൽ. 2 മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം തുടങ്ങിയത്.നിരവധി ക്ഷേമ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ നടത്തിയിരിക്കുന്നത്. സാധാരണക്കാർക്കും സർക്കാർ ജോലിക്കാർക്കും ആനുകൂല്യങ്ങൾ നൽകുന്നതാണ് ബജറ്റ്.
ഒന്ന് മുതൽ 12-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് അപകട ഇൻഷുറൻസ് പരിരക്ഷ ഏര്‍പ്പെടുത്താനുള്ള ബജറ്റ് പ്രഖ്യാപനവും ശ്രദ്ധേയമാണ്. റോഡ് അപകടത്തിൽപ്പെടുന്ന എല്ലാവര്‍ക്കും ആദ്യ അഞ്ച് ദിവസം സൗജന്യ ചികിത്സയും സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അങ്കണവാടി, ആശ വര്‍ക്കര്‍മാരുടെ വേതനം കൂട്ടിയതു മുതൽ സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്കരണത്തിന് വരെ കമ്മീഷൻ ഏർപ്പെടുത്തിയതാണ് ബജറ്റിലെ പ്രഖ്യാപനങ്ങൾ. രാവിലെ 9മണിയോടെയാണ് മന്ത്രി ബജറ്റ് അവതരണം തുടങ്ങിയത്.


