യാത്രക്കാർക്ക് പിഎൻആർ നമ്പർ ഉപയോഗിച്ച് മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കി കെഎസ് ആർടിസി. റെയിൽ റോൾസ് സ്റ്റാർട്ടപ് കമ്പനിയുമായി ചേർന്നാണിത്. കെഎസ്‌ആർടിസി ബസിൽ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ തന്നെ ഭക്ഷണം ഓർഡർ ചെയ്യാനുള്ള ഓപ്ഷനും നൽകും. ആവശ്യമെങ്കിൽ നേരിട്ട് സീറ്റിലേക്ക് എത്തിക്കും. സ്റ്റേഷൻ ഔട്ട്ലറ്റിൽ നിന്ന് വാങ്ങിക്കുകയും ചെയ്യാം.
ബുധനാഴ്ച ആദ്യ ഔട്ട്ലറ്റ് തിരുവനന്തപുരം സെൻട്രൽ ഡിപ്പോയിൽ തുറന്നു. അടുത്ത ദിവസങ്ങളിൽ കൊട്ടാരക്കര, കൊല്ലം, എറണാകുളം ഡിപ്പോകളിലും തുടങ്ങും. ഫെബ്രുവരിയിൽ ആലുവ, ആലപ്പുഴ, കണ്ണൂർ, കാസർകോട്, പാലക്കാട്, കോട്ടയം ഡിപ്പോകളിലും ഔട്ട്ലറ്റ് തുടങ്ങും. 10
ഡിപ്പോകളിൽ ഔട്ട്ലറ്റ് തുടങ്ങാനുള്ള അനുമതിയാണ് റെയിൽറോൾസിന് കെഎസ്ആർടിസി നൽകിയത്.ഹൈജീനിക് ആയ ഭക്ഷണം റാപ്പറുകളിലായിരിക്കും.
അതിനാൽ സീറ്റോ പരിസരമോ വൃത്തികേടാകില്ല. റാപ്പറുകൾ പൊളിച്ച് എങ്ങനെ ഭക്ഷണം കഴിക്കാമെന്ന് ബസിലെ സ്ക്രീനിൽ വിശദമാക്കും. റാപ്പറുകൾ ബസിനകത്ത് സ്ഥാപിച്ച പ്രത്യേക വേസ്റ്റ് ബിന്നിൽ നിക്ഷേപിക്കണം. എല്ലാത്തരം ബസുകളിലും ഭക്ഷണമെത്തിക്കും. റെയിൽ റോൾസിന്റെ തിരുവനന്തപുരം ഔട്ട്ലറ്റിൻ്റെ ഉദ്ഘാടനം മന്ത്രി കെ ബി ഗണേഷ്കുമാർ നിർവഹിച്ചു.


