കണ്ണൂര്‍: പേരാവൂരില്‍ സിപിഐഎം മത്സരത്തില്‍ പങ്കെടുക്കാത്ത ആദിവാസി സ്ത്രീക്ക് തൊഴില്‍ നിഷേധിച്ചതായി പരാതി. മുരിങ്ങോടി വനവാസി ഉന്നതിയിലെ ലക്ഷ്മിക്കാണ് തൊഴില്‍ നിഷേധിക്കപ്പെട്ടത്. സിപിഐഎം സംഘടിപ്പിച്ച സമരത്തില്‍ പങ്കെടുക്കാത്തതിനാൽ തൊഴില്‍ നിഷേധിക്കപ്പെട്ടുവെന്നാണ് ആരോപണം. ജോലിക്കെത്തിയ ലക്ഷ്മിയെ തിരിച്ചയച്ചു എന്നതായിരുന്നു പരാതി. വെള്ളിയാഴ്ച്ച രാവിലെയായിരുന്നു സംഭവം.
വ്യാഴാഴ്ച്ച കണ്ണൂര്‍ നഗരത്തില്‍ വെച്ച് നടന്ന തൊഴിലുറപ്പ് ഭേദഗതിക്കെതിരായ സിപിഐഎം സമരത്തില്‍ ലക്ഷ്മി പങ്കെടുത്തിരുന്നില്ല. അസുഖമായതിനാല്‍ മൂന്ന് ദിവസം ജോലിക്കും എത്തിയിരുന്നില്ല. പിന്നീട് ജോലിക്കായി എത്തിയപ്പോള്‍ സമരത്തില്‍ പങ്കെടുത്തവര്‍ മാത്രം പണിക്ക് വന്നാല്‍ മതിയെന്ന് ഒരു വിഭാഗം പറയുകയായിരുന്നു. തൊഴിലാളികളെല്ലാം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നു അതെന്ന് തൊഴിലുറപ്പ് മേട്രനും പറഞ്ഞു. സംഭവം വിവാദമായതോടെ 41 പേര്‍ക്കുള്ള തൊഴില്‍ ദിനം മാത്രമാണ് ബാക്കിയുള്ളതെന്നും അതിനാലാണ് ലക്ഷ്മിയെ മാറ്റി നിര്‍ത്തിയത് എന്നും മേട്രന്‍ മാറ്റി പറഞ്ഞു. നടപടിയില്‍ പ്രതിഷേധവുമായി ബിജെപി പേരാവൂര്‍ ഗ്രാമപഞ്ചായത്തിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.


