ആധാർ സേവനങ്ങളിലും ‘വിലക്കയറ്റം’. ആധാര്‍ പിവിസി കാര്ഡിന്റെ സർവീസ് ചാർജ് വർധിപ്പിച്ച് യു ഐ ഡി എ ഐ. 50 രൂപയായിരുന്ന അപേക്ഷാ ഫീസ് 75 രൂപയാക്കിയാണ് വർധിപ്പിച്ചത്. നികുതിയും ഡെലിവറി ചാര്‍ജും ഉൾപ്പടെ ഉള്ള ഈ വില വർദ്ധനവ് ജനുവരി ഒന്ന് മുതൽ നിലവിൽ വന്നു. അഞ്ച് വർഷം മുമ്പാണ് ആധാര്‍ പിവിസി കാര്‍ഡ് കേന്ദ്രം അവതരിപ്പിച്ചത്. അതിന് ശേഷം ആദ്യമായിട്ടാണ് വില കൂടുന്നത്. ഔദ്യോഗിക പ്ലാറ്റ്ഫോമുകള്‍ വഴി വില വർധിപ്പിച്ച വിവരം യു ഐ ഡി എ ഐ പങ്കുവച്ചു.
വാലറ്റുകളിൽ സൂക്ഷിക്കാൻ പറ്റുന്ന സുരക്ഷിതവും ലളിതവും ക്രെഡിറ്റ് കാർഡിന്‍റെ മാതൃകയിൽ നിർമിച്ചതുമായ പതിപ്പായിട്ടാണ് ആധാര്‍ പിവിസി കാര്‍ഡ് വരുന്നത്. പ്ലാസ്റ്റിക് കൊണ്ട് ഈട് നിൽക്കുന്ന രീതിയിൽ കൂടുതല്‍ സുരക്ഷാ സവിശേഷതകളോടെ സജ്ജീകരിച്ചിരിക്കുന്ന ഈ കാര്‍ഡ് കയ്യിൽ സൂക്ഷിക്കാൻ എളുപ്പമാണ്. നിർമാണ ചെലവുകൾ, വിതരണം, മറ്റ് ലോജിസ്റ്റിക് ചിലവുകളിലെ വർധനയാണ് വില കൂടാനുള്ള കാരണമായി യു ഐ ഡി എ ഐ പറയുന്നത്.


