പയ്യന്നൂർ: ആശുപത്രി കെട്ടിടത്തിൽ നിന്നും ചികിത്സയിലായിരുന്ന യുവാവ് താഴേക്ക് ചാടി. രാമന്തളി കുന്നരു കാരന്താട് സ്വദേശി പുത്തൻവീട്ടിൽ അജയനാണ് (40) ചാടിയത്. ഇന്ന് പുലർച്ചെ 2.30 മണിയോടെയാണ് സംഭവം . സാരമായി പരിക്കേറ്റ ഇയാളെ ആശുപത്രി അധികൃതർ പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്കു ശേഷം മംഗലാപുരത്തെ ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പയ്യന്നൂർ സഹകരണ ആശുപത്രിയിൽ ഇയാളെ ബന്ധുക്കൾ ആൽക്കഹോളിക് സംബന്ധിച്ച ചികിത്സക്കായി പ്രവേശിപ്പിച്ചിരുന്നു. ചികിത്സക്കിടെയായിരുന്നു സംഭവം. കൂട്ടിരിപ്പുകാർ ഉറക്കത്തിലായ സമയത്ത് പുറത്തേക്കിറങ്ങിയ ഇയാൾ കെട്ടിടത്തിലെ ജനൽ ഗ്ലാസ് തകർത്ത് അവിടെ നിന്നും താഴേക്ക് ചാടുകയായിരുന്നു. താഴേക്ക് വീഴുന്നതിനിടയിൽ ഒന്നാം നിലയിലെ ഷീറ്റിലുംതട്ടി താഴേക്കു വീഴുകയായിരുന്നു. തലക്കു സാരമായി പരിക്കേറ്റിട്ടുണ്ട്.


