തേവലക്കര ബോയ്സ് ഹൈസ്‌കൂള്‍ കെട്ടിടത്തിന് മുകളിലെ വൈദ്യുതി ലൈനില്‍ നിന്നും ഷാക്കേറ്റു മരിച്ച എട്ടാംക്ലാസ് വിദ്യാര്‍ഥി മിഥുന്റെ കുടുംബത്തിനുള്ള വീട് കൈമാറി.പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള സ്‌കൗട്ട്‌സ് ആന്‍ഡ് ഗൈഡ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ധനമന്ത്രി കെ എന്‍ ബാലഗോപാലില്‍ നിന്നും മിഥുന്റെ മാതാപിതാക്കള്‍ ഏറ്റുവാങ്ങി. പടിഞ്ഞാറെകല്ലട വിളന്തറയിലുള്ള മിഥുന്റെ വീട്ടില്‍ നടന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു.
ഇക്കഴിഞ്ഞ ജൂലൈ 17 ന് ആയിരുന്നു മിഥുന്‍ ഷോക്കേറ്റ് മരിച്ചത്. സംഭവത്തിനുശേഷം വീട്ടിലെത്തിയ വിദ്യാഭ്യാസ മന്ത്രിയാണ് മിഥുന്റെ കുടുംബത്തിന് വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചത്. 1000 സ്‌ക്വയര്‍ഫീറ്റ് വിസ്തൃതിയുള്ള വീടിന് മന്ത്രി ശിവന്‍കുട്ടിയാണ് കല്ലിട്ടത്. 20 ലക്ഷം രൂപ ചെലവ് വന്ന വീട്ടില്‍ മൂന്നുമുറിയും ഹാളും അടുക്കളയും സിറ്റൗട്ടും രണ്ട് ശുചിമുറിയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ട്. കരുനാഗപ്പള്ളിയിലുള്ള പാലക്കോട്ട് ബില്‍ഡേഴ്സിനായിരുന്നു നിര്‍മാണ ചുമതല. അഞ്ചുമാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തീകരിച്ചാണ് വീട് കൈമാറിയിരിക്കുന്നത്.


