തളിപ്പറമ്പ്: കൂവേരി മേഖലയിലെ വിവിധ ക്ഷേത്രങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലും മോഷണം നടത്തിയ മൂന്ന് കൗമാരക്കാരെ തളിപ്പറമ്പ് പോലീസ് പിടികൂടി.
കാട്ടാമ്പള്ളി മുത്തപ്പൻ മടപ്പുര, എളമ്പേരം ശ്രീമാന്യ മാന്യമംഗലം ക്ഷേത്രം, കൂവേരി വള്ളിക്കടവ് പുതിയ ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലെ ഭണ്ഡാരങ്ങൾ തകർത്ത് പണം കവർന്ന കേസിലാണ് നടപടി.
ക്ഷേത്രങ്ങൾക്ക് പുറമെ സമീപത്തെ കുഞ്ഞിക്കണ്ണന്റെ പലചരക്ക് കട, അനിഴം തട്ടുകട എന്നിവിടങ്ങളിലും സംഘം മോഷണം നടത്തിയിരുന്നു.
ക്ഷേത്രം ഭാരവാഹികളുടെ പരാതിയെത്തുടർന്ന് തളിപ്പറമ്പ് എസ്.ഐ കെ ദിനേശൻ കൊതേരിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കൂവേരി മേഖലയ്ക്ക് ചുറ്റുമുള്ള പ്രദേശം കേന്ദ്രീകരിച്ചുള്ള സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നാണ് മോഷ്ടാക്കളെ തിരിച്ചറിഞ്ഞത്.


