കണ്ണൂർ: കണ്ണൂർ താണയിൽ ബസിടിച്ച് മരിച്ച അജ്ഞാതന്റെ കീശയിൽ കണ്ട ഫോട്ടോയിലെ പെൺകുട്ടി കോഴിക്കോട് സ്വദേശിനി.
ഇവർക്ക് മരിച്ച ആളുമായി ബന്ധമില്ലെന്ന് കണ്ടെത്തിയതോടെ അജ്ഞാതനെ തിരിച്ചറിയാനുള്ള അന്വേഷണം പാതിവഴിയിൽ നിലച്ചു.
ഡിസംബർ 22ന് താണയിലാണ് 45 വയസുകാരൻ ബസിടിച്ച് മരിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം 16-ാം നാൾ സംസ്കരിച്ചിരുന്നു.
ഗുരുതര പരിക്കേറ്റതിനാൽ മൃതദേഹത്തിന്റെ ഫോട്ടോ പൊലീസിന് പുറത്ത് വിടാൻ സാധിച്ചിരുന്നില്ല. ഇൻക്വസ്റ്റിന് ഇടയിലാണ് മരിച്ചയാളുടെ പോക്കറ്റിൽ നിന്ന് ഒരു പെൺകുട്ടിയുടെ മഷി പടർന്ന ഫോട്ടോ പൊലീസിന് ലഭിച്ചത്.
മരിച്ചയാളുടെ ബന്ധുവാകാം ഇതെന്ന സംശയത്തിൽ ഫോട്ടോ പൊലീസ് പ്രചരിപ്പിക്കുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ച ഫോട്ടോ കണ്ട് കോഴിക്കോട് ഫറോക്ക് സ്വദേശിനിയായ പെൺകുട്ടിയുടെ ബന്ധുക്കൾ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടാണ് മരിച്ചയാളുമായി പെൺകുട്ടിക്ക് ബന്ധമില്ലെന്ന് അറിയിച്ചത്.
2025ൽ കോഴിക്കോട് നടന്ന സി യു ഇ ടി പരീക്ഷയ്ക്കായി ഹാൾ ടിക്കറ്റിൽ പതിച്ചതാണ് ഫോട്ടോ. അവിടെ വച്ച് ഹാൾ ടിക്കറ്റ് നഷ്‌ടപ്പെട്ടിരുന്നു. ഏതാനും ദിവസം മുമ്പാണ് സമൂഹ മാധ്യമങ്ങളിൽ ഫോട്ടോ പ്രചരിക്കുന്നത് വീട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.


