കോഴിക്കോട്: ബസില്‍ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ ജീവനൊടുക്കി യുവാവ്. ആരോപണം നേരിട്ട കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്(41)ആണ് മരിച്ചത്. ബസില്‍ വെച്ച് ദീപക് ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നായിരുന്നു ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ യുവതി ആരോപണം ഉന്നയിച്ചത്.
ബസില്‍ നിന്ന് യുവതി പകര്‍ത്തിയ വീഡിയോ ദൃശ്യങ്ങളും യുവതി പുറത്തുവിട്ടിരുന്നു. വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കോഴിക്കോട് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തിട്ടുണ്ട്.
യുവതി ഉന്നയിച്ച ആരോപണങ്ങള്‍ തെറ്റായിരുന്നുവെന്നും വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ ദീപക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് വീട്ടില്‍ ദീപക്കിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
വസ്ത്ര വ്യാപാരിയായിരുന്ന ദീപക് കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോകുന്നതിനിടെയാണ് സംഭവം. തിരക്കേറിയ ബസിനകത്ത് വെച്ച് ദുരുദ്ദേശത്തോടെ തന്റെ ദേഹത്ത് സ്പര്‍ശിച്ചുവെന്നാണ് യുവതിയുടെ ആരോപണം. വീഡിയോ അതിവേഗത്തില്‍ 20 ലക്ഷത്തിലേറെ പേര്‍ കാണുകയും നിരവധിപേര്‍ പങ്കുവെക്കുകയും ചെയ്തിരുന്നു.
ദീപക് അത്തരത്തില്‍ മോശം പ്രവൃത്തികളിലേര്‍പ്പെടുന്നയാളല്ലെന്നും കച്ചവട ആവശ്യാര്‍ഥമാണ് കണ്ണൂരിലേക്ക് പോയതെന്നും നാട്ടുകാര്‍ പ്രതികരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് സ്ത്രീക്കെതിരെ നടപടിയെടുക്കണമെന്ന് സിഐയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അവജ്ഞതയോടെ തള്ളിക്കളയുകയാണുണ്ടായതെന്നും നാട്ടുകാര്‍ വ്യക്തമാക്കി.


