ഡ്യൂട്ടിക്കിടെ സ്റ്റേഷന് മുന്നില്‍ പരസ്യമായി മദ്യപിച്ച ആറ് പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. കഴക്കൂട്ടം പൊലിസ് സ്റ്റേഷന് മുന്നിലായിരുന്നു സംഭവം. ഇതേ സ്റ്റേഷനിലെ ആറ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍.
ഗ്രേഡ് എസ്.ഐ ബിനു, സി.പി.ഒമാരായ അരുണ്‍, രതീഷ്, അഖില്‍രാജ്, അരുണ്‍ എം.എസ്, മനോജ് കുമാര്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പൊലിസുകാര്‍ സ്റ്റേഷന് മുന്നില്‍ നിര്‍ത്തിയിട്ട വാഹനത്തിലിരുന്ന് മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വിവാഹ സല്‍ക്കാരത്തിനു പോകുന്നതിന് മുന്നോടിയായിരുന്നു മദ്യപാനം. മദ്യപാനത്തിനുശേഷം കഴക്കൂട്ടത്തെ ഹോട്ടലുടമയുടെ മകളുടെ വിവാഹ സല്‍ക്കാരത്തിന് ഇതേ വാഹനമോടിച്ച് ഇവര്‍ പോകുകയും ചെയ്തു.
ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലടക്കം വ്യാപക വിമര്‍ശനം ഉയര്‍ന്നു. 'മദ്യപിച്ച സാറന്മാര്‍ ഇനി നാട്ടുകാര്‍ മദ്യപിച്ചിട്ടുണ്ടോ എന്ന് നോക്കി പെറ്റിയടിക്കാന്‍ പോകും' തുടങ്ങിയ കമന്റുകളുമുയര്‍ന്നു. തുടര്‍ന്ന് സംഭവത്തില്‍ സിറ്റി പൊലിസ് കമീഷണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. ഇതനുസരിച്ച് കഴക്കൂട്ടം എ.സി.പി ചന്ദ്രദാസ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു.
കൂട്ടത്തില്‍ നാലുപേരാണ് മദ്യപിച്ചത്. എങ്കിലും ആറുപേര്‍ക്കെതിരെയും നടപടിയെടുക്കുകയായിരുന്നു.വാഹനമോടിച്ച ഗ്രേഡ് എസ്.ഐ ബിനുവിനെതിരെ മദ്യപിച്ച് വാഹനമോടിച്ചതിനും കേസെടുക്കും. പൊലിസുകാരെ നല്ല നടപ്പ് പരിശീലനത്തിന് അയക്കാനും തീരുമാനിച്ചിട്ടുണ്ട്.


