സോഷ്യൽ മീഡിയയിലൂടെ അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക്ക് ആത്മഹത്യ ചെയ്ത കേസിൽ പ്രതിയും മുസ്ലിം ലീഗ് നേതാവുമായ ഷിംജിതയുടെ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വിധി പറയും. കുന്ദമംഗലം മജിസ്ട്രേറ്റ് കോടതിയിൽ നേരത്തെ വാദം പൂർത്തിയായിരുന്നു. പിന്നീട് വിധി പറയാനായി 27ലേക്ക് മാറ്റുകയായിരുന്നു.
ഷിംജിതയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. വടകരയിലെ ലീഗ് വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അംഗവുമാണ് ഷിംജിത മുസ്തഫ. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്. കേസെടുത്തതിന് പിന്നാലെ ഷിംജിത ഒളിവിൽപ്പോയി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വടകരയിലെ ബന്ധു വീട്ടിൽനിന്നാണ് ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കുകയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തു.
ഇതിനിടെ ഷിംജിത മുസ്‌തഫയ്ക്ക് എതിരെ പുതിയ പരാതിയുമായി ബസിലുണ്ടായിരുന്ന പെൺകുട്ടി രംഗത്തെത്തിയിരുന്നു. അനുവാദമില്ലാതെ തന്റെ മുഖം ദൃശ്യങ്ങളിൽ ഉൾപ്പെടുത്തിയെന്നും അത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പെൺകുട്ടി സൈബർ സെല്ലിൽ പരാതി നൽകിയത്.


