സംസ്ഥാനത്ത് തീവ്ര വോട്ടർപട്ടിക പരിഷ്‌കരണത്തിൽ പുറത്തായവർക്ക് പരാതി നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഡിസംബർ 23ന് ആണ് സംസ്ഥാനത്ത് കരട് വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചത്. ജനുവരി 22 വരെയാണ് പരാതികളും എതിർപ്പുകളും അറിയിക്കാനുള്ള സമയപരിധി ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ തീയതി നീട്ടണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. സുപ്രീംകോടതിയും ഇക്കാര്യം തെരഞ്ഞെടുപ്പ് കമീഷനോട് നിർദേശിച്ചിരുന്നു. ഇൗ പശ്‌ചാത്തലത്തിലാണ് സമയപരിധി 30 വരെ നീട്ടിയത്.
25 ലക്ഷത്തോളം പേരാണ് എസ്‌ഐആറിൽ വോട്ടർ പട്ടികയ്ക്ക് പുറത്തായത്. ബൂത്ത് ലെവൽ ഓഫീസർമാർ നടത്തിയ പരിശോധനയിൽ കണ്ടെത്താൻ കഴിയാത്തവരെയാണ് ഈ പട്ടികയിൽ നിന്നും ഒഴിവാക്കിയത്. ആദ്യം കൂട്ടത്തോടെ വോട്ടർമാരെ പട്ടികയിൽനിന്ന് പുറത്താക്കിയെങ്കിൽ ഇപ്പോൾ പുതുതായി ഉൾപ്പെടുത്തിയവരുടെ എണ്ണത്തിൽ ദുരൂഹതയുണ്ട്. 26,01,201 പേരെ ഉൾപ്പെടുത്തിയതായാണ് കമീഷന്റെ വെബ്‌സൈറ്റിലുള്ളത്. ഇൗ പട്ടിക ഉടൻ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ചീഫ് ഇലക്‌ടറൽ ഓഫീസർക്ക് കത്ത് നൽകി.
അതേസമയം രേഖകൾ ഹാജരാകേണ്ടവരുടെ എണ്ണവും കുത്തനെ വർധിച്ചിട്ടുണ്ട്. പലർക്കും ഇതുവരെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് പരാതി. അർഹരായ ഒരാളെപ്പോലും വോട്ടർപട്ടികയിൽ നിന്നും ഒഴിവാക്കില്ലെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പറയുന്നത്.


