കണ്ണൂർ: ഡാൻസ് ക്ലാസ് തുടങ്ങാമെന്ന് പറഞ്ഞ് യുവതിയുടെ 46 പവൻ്റെ ആഭരണങ്ങളും 1,60,000 രൂപയും കൈക്കലാക്കിയ ശേഷം ലേഡീസ് ഹോസ്റ്റൽ എന്ന് പറഞ്ഞ് വിളിച്ചു വരുത്തി യുവതിയെ പൂട്ടിയിട്ട വീട്ടിൽ വെച്ച് ബലാൽസംഗം ചെയ്ത പ്രതി പിടിയിൽ.
കാസറഗോഡ് വെള്ളരിക്കുണ്ട് സ്വദേശിയും കണ്ണൂർ സൗത്ത് ബസാറിൽ താമസക്കാരനുമായ സിജു (38) വിനെയാണ് പേരാമ്പ്രയിൽ വെച്ച് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ ബിനുമോഹനും സംഘവും പിടികൂടിയത്. പറശ്ശിനിക്കടവിന് സമീപത്തെ 38 കാരിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. 2024നവംബർ ഏഴിനും 2025നുമിടയിലാണ് സംഭവം. പരാതിക്കാരിയോട് പരിചയം നടിച്ച പ്രതി അഭിഭാഷകനാണെന്ന് വിശ്വസിപ്പിച്ച് കക്കാട് ഡാൻസ് സ്കൂൾ തുടങ്ങാമെന്നും ധനകാര്യ സ്ഥാപനത്തിൻ്റെ വക്കീലാണെന്ന് വിശ്വസിപ്പിച്ചും ഗോൾഡ് നിക്ഷേപം നടത്തിയാൽ പത്ത് ശതമാനം പലിശ തരാമെന്നും വിശ്വസിപ്പിച്ച് 46 പവനോളം കൈക്കലാക്കുകയും പിതാവിൻ്റെ പേരിൽ പടക്ക വ്യാപാരത്തിന് ലൈസൻസ് വാങ്ങി തരാമെന്ന് വിശ്വസിപ്പിച്ച് 1,60,000 രൂപയും കൈപ്പറ്റിയ ശേഷം കബളിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വർണ്ണവും പണവും ആവശ്യപ്പെട്ട യുവതിയെ 2025 ഏപ്രിൽ മാസം കണ്ണൂരിലെ ലേഡീസ് ഹോസ്റ്റലിലേക്കെന്ന് പറഞ്ഞ് വിളിച്ചു വരുത്തി പൂട്ടിയിട്ട വീട്ടിൽ വെച്ച് ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ ജനങ്ങൾക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്യുമെന്ന് പറയുകയും യുവതിയെയും മക്കളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന പരാതിയിലാണ് കേസ്.
സംഭവത്തിന് ശേഷംഫോൺ നമ്പർ ബ്ലോക്ക് ചെയ്ത് ഒളിവിൽ കഴിയുന്നതിനിടെയാണ് പ്രതിയെ പോലീസ് പിടികൂടിയത്.


