PAYANGADI WEATHER Sunenergia adAds



കുടുംബപ്രശ്നംതീർക്കാൻ അറ്റകൈ പ്രയോഗം; കോഴിക്കോട് വീട് മാറി 'കൂടോത്രം' ചെയ്യാന്‍ കയറി, ഒരാള്‍ പിടിയില്‍



താമരശ്ശേരി:  ഗൾഫിൽ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ട് നിർമിച്ച വീടും സ്വത്തുമെല്ലാം ഭാര്യ തന്റെപേരിലാക്കി, ഗാർഹികാതിക്രമത്തിന് പരാതിയുംകൊടുത്തതോടെ വീട്ടിൽക്കയറാൻ പറ്റാതായ ഭർത്താവ് കൂടോത്രക്കാരനെ സമീപിച്ചു. ഭർത്താവ് ഏൽപ്പിച്ച മന്ത്രവാദി പക്ഷേ വീടുമാറി കൂടോത്രസാധനങ്ങൾ നിക്ഷേപിച്ചത് മറ്റൊരുവീട്ടുപറമ്പിൽ.

ആരും കാണില്ലെന്നുകരുതി ചെയ്ത പ്രവൃത്തി പക്ഷേ, സിസിടിവി ക്യാമറയിലൂടെ വീട്ടിനകത്തുണ്ടായിരുന്നവർ കണ്ടു. ഒടുവിൽ കൂടോത്രംചെയ്യാനെത്തിയ ആൾ പിടിയിലുമായി. താമരശ്ശേരി ചുങ്കം ചെക്‌പോസ്റ്റിനുസമീപം ബുധനാഴ്ച വൈകീട്ടാണ് സംഭവം. ചുടലമുക്ക് സ്വദേശിയായ ഒരു യുവാവാണ് കുടുംബപ്രശ്നംതീർക്കാൻ ഈങ്ങാപ്പുഴ കരികുളം സ്വദേശിയായ സുനിൽ എന്നയാളെ ‘കൂടോത്ര’ത്തിനായി സമീപിച്ചത്.

ഉദ്ദേശിച്ച വീടുമാറി ചുങ്കം മുട്ടുകടവിലെ മറ്റൊരുവീട്ടിൽ ബുധനാഴ്ച വൈകീട്ട് മൂന്നുമണിയോടെ എത്തുകയായിരുന്നു. ഈസമയം പ്രവാസിയായ വീട്ടുടമയുടെ ഭാര്യയും മകളും വീട്ടിനകത്തുണ്ടായിരുന്നു. മുറ്റത്ത് ആരെയും കാണാതിരുന്നതോടെ ചാരിയിട്ട ഗേറ്റ് തുറന്ന് സമീപത്തെ തെങ്ങിൻതൈയ്ക്ക് അരികിലെത്തി. കൈയിൽക്കരുതിയ കടലാസിൽനിന്ന്‌ എന്തോ പൊടിയും മറ്റും തെങ്ങിൻതടത്തിലേക്ക് തട്ടി ധൃതിയിൽ മടങ്ങുകയായിരുന്നു.

സിസിടിവി ക്യാമറയിൽ ആൾസാന്നിധ്യം സംബന്ധിച്ച് മുന്നറിയിപ്പുശബ്ദംകേട്ട് സ്‌ക്രീൻ പരിശോധിച്ച വീട്ടുടമയുടെ മകൾ കണ്ടത്, നീലഷർട്ടും വെള്ളമുണ്ടും തോളിലൊരു ബാഗുമിട്ട് വീട്ടുമുറ്റത്തെത്തിയ ഒരാൾ ഇതെല്ലാം ചെയ്യുന്നതാണ്. പെൺകുട്ടി ഉടനെ ഉമ്മയോട് കാര്യംപറഞ്ഞു.

കൂടോത്രമോ മറ്റോ ആണെന്ന് സംശയംതോന്നിയതോടെ വീട്ടമ്മയും മകളുംകൂടി സ്കൂട്ടറിൽ പിന്തുടർന്ന് ചുങ്കത്ത് ബസ് കയറാനായി നിൽക്കുന്ന ആളെ കണ്ടെത്തി. തുടർന്ന് നാട്ടുകാരെ വിളിച്ചുകൂട്ടി ഇയാളെ തടഞ്ഞുവെക്കുകയും താമരശ്ശേരി പോലീസ് സ്ഥലത്തെത്തി ‘കൂടോത്രക്കാരനെ’ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

അപ്പോഴാണ് ഏൽപ്പിച്ച വീടുമാറിപ്പോയതാണെന്ന് ഇയാൾ സമ്മതിക്കുന്നത്. ഒടുവിൽ ‘കൂടോത്ര’ത്തിന് ഏൽപ്പിച്ച യുവാവിനെ വിളിച്ചുവരുത്തി വിശദമായി ചോദ്യംചെയ്തശേഷം പോലീസ് താക്കീതുനൽകി ഇരുവരെയും വിട്ടയക്കുകയായിരുന്നു.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.