പാലക്കാട് :ഒറ്റപ്പാലം തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തി. തോട്ടക്കര സ്വദേശികളായ നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകളുടെ മുൻ ഭർത്താവ് പൊന്നാനി സ്വദേശി റാഫിയെ പോലീസ് അറസ്റ്റു ചെയ്തു. ഞായറാഴ്ച അർദ്ധരാത്രി 12 മണിയോടെയാണ് നാടിനെ നടുക്കിയ ഈ ദാരുണ സംഭവം നടന്നത്.
കൊല്ലപ്പെട്ടവരുടെ മകൾ സുൽഫിയത്തും റാഫിയും തമ്മിലുള്ള വിവാഹബന്ധം നേരത്തെ വേർപിരിഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് നിലവിൽ കോടതിയുടെ പരിഗണനയിലാണ്. ഇവരുടെ കുട്ടിയുടെ അവകാശത്തെച്ചൊല്ലി റാഫിയും സുൽഫിയത്തിന്റെ കുടുംബവും തമ്മിൽ നിലനിന്നിരുന്ന തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ആക്രമണത്തിൽ സുൽഫിയത്തിന്റെ നാലു വയസ്സുകാരനായ മകനും ഗുരുതരമായി പരിക്കേറ്റു. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊലപാതകത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച റാഫിയെ പുലർച്ചെ നാലുമണിയോടെ പള്ളിക്കാടിന് സമീപം വെച്ചാണ് ഒറ്റപ്പാലം പോലീസ് പിടികൂടിയത്. പിടിയിലാകുമ്പോൾ ഇയാളുടെ കൈഞരമ്പ് മുറിച്ച നിലയിലായിരുന്നു.


