PAYANGADI WEATHER Sunenergia adAds



പൊങ്കല്‍ അവധി കേരളത്തിലും: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ജനുവരി 15 ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു

 


തിരുവനന്തപുരം: തമിഴ് ജനതയുടെ വിളവെടുപ്പ് ആഘോഷമായ തൈപ്പൊങ്കല്‍ ആഘോഷവുമായി ബന്ധപ്പെട്ട് കേരളത്തിലും പ്രാദേശിക അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ 6 ജില്ലകളില്‍ ജനുവരി 15 ന് (വ്യാഴം) ആണ് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാറിന്‍റെ ഔദ്യോഗിക കലണ്ടർ പ്രകാരമുള്ള അവധിയാണ് ഇത്. തമിഴ്നാടിന് പുറമെ തെലങ്കാന, കർണാടക, ആന്ധ്രപ്രദേശ്, കേരളത്തിന്‍റെ ഏതാനും ജില്ലകള്‍ എന്നിവിടങ്ങളിലും പൊങ്കല്‍ ആഘോഷിക്കുന്നു.

കേരളത്തിൽ, പ്രത്യേകിച്ച് പാലക്കാട്, ഇടുക്കി, വയനാട് തുടങ്ങിയ ജില്ലകളിലെ തമിഴ് സ്വാധീനമുള്ള പ്രദേശങ്ങളിലും തൈപ്പൊങ്കൽ വളരെ വിപുലമായ രീതിയില്‍ ആഘോഷിക്കാറുണ്ട്. പൊങ്കല്‍ പ്രമാണിച്ച് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലായിരുന്നു കഴിഞ്ഞ വർഷം അവധി പ്രഖ്യാപിച്ചിരുന്നത്. ഇത്തവണയും ഇതേ ജില്ലകളിലാണ് പ്രാദേശിക അവധി. സർക്കാർ ഒഫീസുകള്‍ക്കും വിദ്യാലയങ്ങള്‍ക്കുമാണ് അവധി ബാധകമാകുക.


എന്താണ് പൊങ്കല്‍,


തമിഴ്നാട്ടിലെ ഏറ്റവും പ്രധാനപ്പെട്ട വിളവെടുപ്പ് ഉത്സവമാണ് തൈപ്പൊങ്കൽ. തമിഴ് കലണ്ടറിലെ തൈ മാസത്തിന്റെ ആദ്യ ദിവസമാണ് തൈപ്പൊങ്കല്‍ ആഘോഷിക്കുന്നത്. ഉത്സവം സൂര്യദേവനോടും പ്രകൃതിയോടും കൃഷിയോടും ജീവജാലങ്ങളോടും ഉള്ള നന്ദി പ്രകടിപ്പിക്കല്‍ കൂടിയായി പൊങ്കല്‍ ആഘോഷം മാറുന്നു. “പൊങ്കൽ” എന്ന വാക്കിന്റെ അർത്ഥം തന്നെ “തിളച്ചു പൊങ്ങുക” അല്ലെങ്കിൽ “കവിഞ്ഞൊഴുകുക” എന്നാണ്. പുതിയ നെല്ലും പാലും വെല്ലവും ചേർത്ത് തിളപ്പിച്ചുണ്ടാക്കുന്ന മധുരപ്പൊങ്കൽ തിളച്ചു പൊങ്ങുമ്പോൾ അത് സമൃദ്ധിയുടെയും സൗഭാഗ്യത്തിന്റെയും പ്രതീകമായി കാണുന്നു.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.