കാസർഗോഡ് തൂങ്ങിമരണം അഭിനയിച്ച് വീഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍ വഴുതി കഴുത്തില്‍ കുരുക്ക് മുറുകി യുവാവിന് ദാരുണാന്ത്യം.കുമ്ബള ആരിക്കാടി ഒഡ്ഡു ഗ്രൗണ്ടിനു സമീപം താമസിക്കുന്ന ബാബു-സുമതി ദമ്ബതികളുടെ മകൻ സന്തോഷ് (30) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്ന സന്തോഷ് പതിവായി വ്യത്യസ്തമായ വീഡിയോകള്‍ ചെയ്യാറുണ്ടായിരുന്നു. വെള്ളിയാഴ്ച രാത്രി 10.30-ഓടെയാണ് മുറിയില്‍ വെച്ച് ആത്മഹത്യ ചെയ്യുന്ന രീതിയിലുള്ള റീല്‍സ് ചിത്രീകരിക്കാൻ സന്തോഷ് ശ്രമിച്ചത്. ഫാനിലോ ഹുക്കിലോ കുരുക്കിട്ട ശേഷം, ഉയരം ലഭിക്കുന്നതിനായി കട്ടിയുള്ള തെർമോക്കോള്‍ കഷ്ണങ്ങള്‍ക്ക് മുകളിലാണ് ഇയാള്‍ കയറി നിന്നത്. കഴുത്തില്‍ കുരുക്കിട്ട് വീഡിയോ ചിത്രീകരിക്കുന്നതിനിടെ അപ്രതീക്ഷിതമായി തെർമോക്കോള്‍ പൊട്ടിപ്പോവുകയായിരുന്നു. ഇതോടെ നിലതെറ്റിയ സന്തോഷ് താഴേക്ക് വീഴുകയും കഴുത്തില്‍ കുരുക്ക് മുറുകി മരണം സംഭവിക്കുകയും ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം.


