PAYANGADI WEATHER Sunenergia adAds



പലിശരഹിത സ്വർണ്ണ വായ്പയുടെ മറവിൽ വൻ തട്ടിപ്പ്; തലശ്ശേരിയിലെ സ്ഥാപനത്തിന്റെ ഉടമകളിൽ ഒരാൾ അറസ്റ്റിൽ

 


തലശ്ശേരി: പലിശരഹിത സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണ്ണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒരാളെ ധർമ്മടം പോലീസ് അറസ്റ്റ് ചെയ്തു. വടക്കുമ്പാട് തോട്ടുമ്മൽ സ്വദേശി സി മുഹമ്മദ് ഷിബിൽ (39) ആണ് പിടിയിലായത്. കേസിലെ നാലാം പ്രതിയാണ് ഇയാൾ.

തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം 'ഹാർബർ സിറ്റി' ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമ്മടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ ചേർന്ന് വഞ്ചിച്ചത്. പ്രതികൾ ചേർന്ന് പരാതിക്കാരിയെ സമീപിച്ച് ഒരു വർഷത്തേക്ക് പലിശരഹിതമായി സ്വർണ്ണ വായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. 

വായ്പാ കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയം വെച്ച അതേ സ്വർണ്ണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം.

2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണ്ണാഭരണങ്ങൾ പരാതിക്കാരിയിൽ നിന്ന് കൈക്കലാക്കി. കൂടാതെ സ്വർണ്ണം തിരികെ നൽകാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി കൈവശപ്പെടുത്തി. പണം കൈപ്പറ്റിയ ശേഷവും പണയം വെച്ച സ്വർണ്ണമോ നൽകിയ പണമോ തിരികെ നൽകാതിനെ തുടർന്ന് ധർമ്മടം പോലീസിൽ പരാതിപ്പെടുകയായിരുന്നു. 

കേസിൽ പിണറായി കമ്പോണ്ടർ ഷോപ്പ് സ്വദേശി ഇ പ്രകാശൻ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾ 3 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനും മറ്റുമായി വിവിധ സ്റ്റേഷനുകളിൽ 30 ഓളം കേസ്സുകളുമുണ്ട്.

ധർമ്മടം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഹരി കെ പിയുടെ നിർദ്ദേശപ്രകാരം എസ്ഐ ഷജീം ജെ, എസ്ഐ നിജേഷ്, സിപിഒ സജിൻ, സിപിഒ സോന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.