വിരലിൽ കുടുങ്ങിയ സ്റ്റീൽ മോതിരം ഊരിയെടുക്കാൻ സാധിക്കാതെ വന്ന പത്താം ക്ലാസ് വിദ്യാർത്ഥിക്ക് തളിപ്പറമ്പ് അഗ്നിരക്ഷാസേന രക്ഷകരായി. ആലക്കോട് സ്വദേശിയായ വിദ്യാർത്ഥി, വിവിധ ജ്വല്ലറികളിൽ ശ്രമിച്ചിട്ടും മോതിരം ഊരിയെടുക്കാൻ കഴിയാതിരുന്നതിനെ തുടർന്നാണ് അഗ്നിരക്ഷാ സേനയെ സമീപിച്ചത്. അഗ്നിരക്ഷാ സേനാംഗങ്ങൾ പ്രത്യേക ഉപകരണം ഉപയോഗിച്ച് കുറഞ്ഞ സമയത്തിനുള്ളിൽ മോതിരം മുറിച്ചുമാറ്റി.
കഴിഞ്ഞ വർഷം ഇത്തരം 80 മോതിരക്കേസുകളാണ് തളിപ്പറമ്പ് അഗ്നിരക്ഷാ കേന്ദ്രത്തിൽ എത്തിയത്, ഈ വർഷം ജനുവരി അവസാനിക്കുന്നതിന് മുൻപ് തന്നെ അഞ്ചാമത്തെ കേസാണിതെന്നും അധികൃതർ വ്യക്തമാക്കി. സ്റ്റീൽ മോതിരങ്ങളാണ് കൂടുതലായി കുടുങ്ങുന്നതെങ്കിലും സ്വർണം, വെള്ളി, ഫാൻസി മോതിരങ്ങൾ, വളകൾ, കമ്മലുകൾ എന്നിവയും ഊരാൻ ബുദ്ധിമുട്ടുണ്ടാകുമ്പോൾ ആളുകൾ ഇവിടെ സഹായത്തിനായി എത്തുന്നുണ്ട്.


