പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ വര്‍ക്ക് ഷോപ്പിലുണ്ടായ തീപിടുത്തത്തിൽ രണ്ടുവാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. പയ്യന്നൂര്‍ ബി.കെ.എം. ആശുപത്രിക്ക് സമീപത്തെ കെ.പി.രമേശന്റെ ഉടമസ്ഥതയിലുള്ള കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കാര്‍ ലാൻ്റ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടുത്തമുണ്ടായത്. അറ്റകുറ്റപ്പണികള്‍ക്കായി വര്‍ക്ക് ഷോപ്പിന് പുറത്ത് പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. തീപിടുത്തം ശ്രദ്ധയിൽപ്പെട്ടതോടെ വഴിയാത്രക്കാരാണ് പയ്യന്നൂർ അഗ്‌നിരക്ഷാസേനയെ വിവരമറിയിച്ചത്. പയ്യന്നൂരില്‍ നിന്നു മെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേന ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് തീപിടുത്തം പൂര്‍ണ്ണമായും അണച്ചത്.
തീപിടുത്തത്തില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഒരു ഇന്നോവയും മറ്റൊരു ഇന്നോവ ക്രിസ്റ്റിയുമുള്‍പ്പെടെയുള്ള രണ്ടുകാറുകള്‍ പൂർണ്ണമായും കത്തി നശിച്ചു. തീപിടുത്തത്തില്‍ 25 ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. പയ്യന്നൂർ ഫയർ സ്റ്റേഷന്‍ ഓഫീസര്‍ സി.പി. രാജേഷിൻ്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി.കെ. അജിത് കുമാര്‍, സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എന്‍. മുരളി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ പി. സത്യന്‍, പി.വി. ഷൈജു, കെ.ബി. അഖില്‍, കലേഷ് വിജയന്‍ തുടങ്ങിയവരാണ് രക്ഷാപ്രവര്‍ത്തനത്തിലുണ്ടായിരുന്നത്.


