വിരമിച്ച ബാങ്ക് മാനേജറെ ‘ഡിജിറ്റൽ അറസ്റ്റ്’ എന്ന ഭീഷണിയിലൂടെ കുരുക്കി ലക്ഷങ്ങൾ തട്ടാനുള്ള സൈബർ ക്രിമിനലുകളുടെ വൻ നീക്കം തകർത്ത് കണ്ണൂർ സിറ്റി സൈബർ പൊലീസ്.
തോട്ടട സ്വദേശിയായ പ്രമോദ് മഠത്തിലിനെ ലക്ഷ്യമിട്ടു നടത്തിയ തട്ടിപ്പ് ശ്രമമാണ് പൊലീസിന്റെ ബുദ്ധിപരമായ നീക്കത്തിലൂടെ പരാജയപ്പെടുത്തിയത്.
ജനുവരി 11-നാണ് പ്രമോദിന്റെ ഫോണിലേക്ക് ആദ്യമായി തട്ടിപ്പുകാരുടെ കോൾ എത്തുന്നത്.
‘ഡാറ്റാ പ്രൊട്ടക്ഷൻ ബോർഡ് ഓഫ് ഇന്ത്യ’യിലെ ഉദ്യോഗസ്ഥൻ എന്ന് പരിചയപ്പെടുത്തിയ ആൾ, പ്രമോദിന്റെ പേരിൽ മുംബൈയിലെ കാനറ ബാങ്കിൽ അക്കൗണ്ടും സിം കാർഡും ഉണ്ടെന്ന് വിശ്വസിപ്പിച്ചു.
നിരോധിച്ച സംഘടനയായ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (PFI) പ്രവർത്തകനെ എൻ.ഐ.എ പിടികൂടിയപ്പോൾ ലഭിച്ച രേഖകളിൽ പ്രമോദിന്റെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉണ്ടെന്നായിരുന്നു പ്രധാന ആരോപണം.
ഇത് കേട്ട് ഭയപ്പെട്ട പ്രമോദിനെ വിശ്വസിപ്പിക്കാനായി വ്യാജ എഫ്.ഐ.ആർ കോപ്പിയും ആധാർ വിവരങ്ങളും തട്ടിപ്പുകാർ വാട്സാപ്പ് വഴി അയച്ചു നൽകുകയും ചെയ്തു.
തന്റെ പേരിൽ ഇല്ലാത്ത അക്കൗണ്ടിനെക്കുറിച്ച് ഉയർന്ന ആരോപണം തട്ടിപ്പാണെന്ന് മനസ്സിലാക്കിയ പ്രമോദും ഭാര്യയും ഒട്ടും വൈകാതെ കണ്ണൂർ സിറ്റി സൈബർ പൊലീസിനെ വിവരം അറിയിച്ചു.
തുടർന്ന് ജനുവരി 12-ന് രാവിലെ തട്ടിപ്പുകാർ വീഡിയോ കോളിൽ വരാൻ ആവശ്യപ്പെട്ട സമയം നോക്കി സൈബർ പൊലീസ് സംഘം പ്രമോദിന്റെ വീട്ടിലെത്തി.
എസ്.ഐ മിഥുൻ എസ്.വിയുടെ നേതൃത്വത്തിലുള്ള സംഘം വീടിനുള്ളിൽ മറഞ്ഞിരുന്ന് പ്രമോദിന് കൃത്യമായ നിർദ്ദേശങ്ങൾ നൽകി.
നിലവിൽ രാജ്യമൊട്ടാകെ നടക്കുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകളെക്കുറിച്ച് പൊലീസ് വീട്ടുകാരെ ബോധ്യപ്പെടുത്തുകയും ചെയ്തു.
രാവിലെ 11:30-ഓടെ തട്ടിപ്പുകാരുടെ വീഡിയോ കോൾ എത്തിയപ്പോൾ പൊലീസിന്റെ നിർദ്ദേശപ്രകാരം പ്രമോദ് അത് അറ്റൻഡ് ചെയ്തു.യൂണിഫോം ധരിച്ച, മലയാളം സംസാരിക്കുന്ന ഒരു വ്യാജ എൻ.ഐ.എ ഉദ്യോഗസ്ഥനാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്.


