കൊച്ചി: സ്വന്തം അമ്മയെ യുവതി കമ്പിപ്പാര കൊണ്ട് ക്രൂരമായി മർദ്ദിച്ച് വാരിയെല്ലൊടിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.
കുമ്പളം പനങ്ങാട് തിട്ടയില്‍ വീട്ടില്‍ താമസിക്കുന്ന നിവ്യ എന്ന ശ്രുതി (30)യാണ് അമ്മ സരസുവിനെ ക്രൂരമായി ആക്രമിച്ചത്. ഫെയ്സ് ക്രീം മാറ്റിവച്ചതിനെച്ചൊല്ലിയ തർക്കത്തിനിടെയാണ് മകള്‍ മർദ്ദിച്ചത് എന്നാണ് സരസു പൊലീസിനോട് പറഞ്ഞത്. എന്നാല്‍, പണത്തിന്റെ പേരിലുള്ള തർക്കവും തന്റെ കാര്യങ്ങളില്‍ അമ്മ ഇടപെടാൻ ശ്രമിച്ചതിലുള്ള പകയുമാണ് നിവ്യ ആക്രമിക്കാൻ കാരണമെന്നാണ് പൊലീസിന്റെ നിഗമനം.
കേസില്‍ റിമാൻഡില്‍ കഴിയുന്ന നിവ്യയെ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്താനും കാപ്പ ചുമത്താനും പൊലീസ് ആലോചിക്കുന്നുണ്ട്.ഈ മാസം 19-നു വൈകിട്ട് ആറുമണിയോടെയാണ് സംഭവം. നിവ്യ അമ്മയുടെ കഴുത്തില്‍ കുത്തിപ്പിടിച്ച് മർദിക്കുകയും ചവിട്ടുകയും കമ്പിപ്പാര കൊണ്ട് വലതുകൈക്കും നെഞ്ചിനും അടിക്കുകയുമുണ്ടായെന്ന് എഫ്‌ഐആറില്‍ പറയുന്നു. ബഹളം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് സരസുവിനെ ആശുപത്രിയിലെത്തിച്ചത്. അമ്മ പരാതി നല്‍കിയെന്ന് മനസ്സിലായതോടെ നിവ്യ വയനാട്ടിലെ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ പോയി.
കഴിഞ്ഞ വെള്ളിയാഴ്ച പനങ്ങാട് പൊലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. സ്റ്റേഷനില്‍ എത്തിച്ചപ്പോള്‍ പൊലീസിനോട് തട്ടിക്കയറുന്ന നിവ്യയുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. പരുക്കേറ്റ സരസുവിന് ആറുമാസത്തെ വിശ്രമം ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. നിവ്യയുടെ അഞ്ചുവയസ്സുള്ള മകനെ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പത്ത് വർഷത്തോളമായി പനങ്ങാട്ട് താമസിക്കുന്ന സരസു വീടുകളില്‍ ജോലിക്കു പോയാണ് കുടുംബം പുലർത്തുന്നത്. രണ്ട് പെണ്‍മക്കളില്‍ മൂത്തയാള്‍ വിവാഹിതയായി ഭർത്താവിന്റെ വീട്ടിലാണ്. ഇരുപതാം വയസ്സിനു ശേഷം നിവ്യ ലഹരി ഇടപാടുകളിലും അക്രമസംഘങ്ങളുമായുള്ള ബന്ധത്തിലുമാണ് ഏർപ്പെട്ടതെന്ന് പൊലീസ് പറയുന്നു. പിന്നീട് പനങ്ങാടും നെട്ടൂർ കേന്ദ്രീകരിച്ചുള്ള കഞ്ചാവ് വില്‍പനയിലെ പ്രധാനികളിലൊരാളായി മാറി. വിവാഹിതയായിരുന്നെങ്കിലും പിന്നീട് വേർപിരിഞ്ഞു. തട്ടിക്കൊണ്ടുപോകല്‍ ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയായി.


