കാസർകോട് : കാസർകോട് ബദിയടുക്ക മൗവ്വാറിൽ വയോധികയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. മൗവ്വാർ സ്വദേശി പുഷ്പാവതി (65) ആണ് മരിച്ചത്. പുഷ്പാവതിയുടെ ശരീരത്തിൽ പലയിടങ്ങളിലായി മുറിവുകളുണ്ട്. കഴുത്തിലെ സ്വർണമാല കാണാനില്ലെന്നു ബന്ധുക്കൾ പറഞ്ഞു.
ബദിയടുക്ക പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ രാത്രിയാണ് പുഷ്പാവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുഷ്പാവതിയുടെ സഹോദരിയുടെ മകൾ ബെംഗളൂരുവിൽ നിന്നും വിളിച്ചപ്പോൾ ഫോൺ എടുത്തിരുന്നില്ല. ഇതോടെ അവർ അയൽവാസികളെ ബന്ധപ്പെടുകയായിരുന്നു. തുടർന്ന് ജനാല വഴി നോക്കിയപ്പോഴാണ് പുഷ്പാവതിയെ നിലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
മുഖത്തും കഴുത്തിലും മുറിവുകൾ ഉണ്ടെന്നു ബന്ധുക്കൾ പറയുന്നു. ചാണകം പൂശിയ നിലത്ത് വലിച്ച പാടുകൾ ഉണ്ടെന്നും നാട്ടുകാർ പറഞ്ഞു. ആരോഗ്യവതിയായ പുഷ്പാവതിക്ക് മറ്റു അസുഖങ്ങൾ ഒന്നും ഇല്ലെന്നും ബന്ധുക്കൾ പറഞ്ഞു. ഭർത്താവ് മരിച്ചതോടെ ഒറ്റയ്ക്കാണ് പുഷ്പാവതി താമസിക്കുന്നത്. മരണത്തിൽ സംശയം ഉണ്ടെന്നു ബന്ധുക്കൾ ആരോപിച്ചു.


