PAYANGADI WEATHER Sunenergia adAds



തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ ആന്റണി രാജുവിന് മൂന്ന് വര്‍ഷം തടവ്‌

 


തിരുവനന്തപുരം: തൊണ്ടിമുതല്‍ തിരിമറിക്കേസില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിനും ഒന്നാം പ്രതി കെ.എസ് ജോസിനും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ. നെടുമങ്ങാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി (ഒന്ന്) ആണ് ശിക്ഷ വിധിച്ചത്. ഗൂഢാലോചനയ്ക്ക് 6 മാസവും ശിക്ഷ വിധിച്ചു. വിധി വന്നതോടെ ആന്റണി രാജു എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാകും. ആറ് വര്‍ഷം വരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനും വിലക്കുണ്ടാകും. കേസില്‍ ആന്റണി രാജു കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. കേസെടുത്ത് മൂന്നു പതിറ്റാണ്ടിനു ശേഷമാണ് കേസില്‍ വിധി വന്നത്. കേസില്‍ രണ്ടാം പ്രതിയാണ് ആന്റണി രാജു എംഎല്‍എ. താന്‍ നിരപരാധിയാണെന്നും കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ആന്റണി രാജു പറഞ്ഞു. ഒന്നാം പ്രതി കെഎസ് ജോസും കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.

1990 ഏപ്രില്‍ 4ന് തിരുവനന്തപുരം വിമാനത്താവളത്തില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് 2 പാക്കറ്റ് ലഹരിമരുന്നുമായി എത്തിയ ഓസ്ട്രേലിയന്‍ പൗരന്‍ ആന്‍ഡ്രൂ സാല്‍വദോറിനെ രക്ഷിക്കാന്‍ തൊണ്ടി മുതലായ അടിവസ്ത്രം മാറ്റിയെന്നാണ് കേസ്. കേസില്‍ പ്രതിയായ വിദേശിയെ തിരുവനന്തപുരം സെഷന്‍സ് കോടതി 10 വര്‍ഷത്തേക്ക് ശിക്ഷിച്ചെങ്കിലും പിന്നീട് ഹൈക്കോടതി വിട്ടയച്ചിരുന്നു.

1994 ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പതിമൂന്ന് വര്‍ഷം കഴിഞ്ഞാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന്റെ ആവശ്യത്തിനൊപ്പം സ്വകാര്യ ഹര്‍ജിയും കണക്കിലെടുത്ത് ഐപിസി 465, 468 എന്നീ വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്.



Post a Comment

സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.