ഫെബ്രുവരി ഒന്നു മുതല്‍ പുകയില ഉത്പന്നങ്ങള്‍ക്ക് അധിക എക്സൈസ് നികുതിയും പാൻമസാലയ്ക്ക് പുതിയ സെസും ചുമത്തുമെന്ന് സർക്കാർ വിജ്ഞാപനം ഇറക്കി.പുകയിലയും അനുബന്ധ ഉല്‍പന്നങ്ങളും ഇനി അധിക എക്സൈസ് തീരുവയ്ക്ക് വിധേയമാകും, അതേസമയം പാൻ മസാലയ്ക്ക് ആരോഗ്യ, ദേശീയ സുരക്ഷാ സെസ് ഏർപ്പെടുത്തും.
പാൻ മസാല, സിഗരറ്റുകള്‍, പുകയില, സമാനമായ ഉല്‍പന്നങ്ങള്‍ എന്നിവയ്ക്ക് ചരക്ക് സേവന നികുതി (ജിഎസ്ടി) പ്രകാരം 40 ശതമാനം നികുതി ചുമത്തും. അതേസമയം, ബീഡിക്ക് 18 ശതമാനം ജിഎസ്ടി നിരക്ക് ബാധകമാകും.
പാൻ മസാല നിർമാണത്തിന് പുതിയ സെസും, പുകയില ഉല്‍പന്നങ്ങളുടെ എക്സൈസ് തീരുവയും ഏർപ്പെടുത്തുന്നതിനുള്ള രണ്ട് ബില്ലുകള്‍ ഡിസംബറില്‍ പാർലമെന്റ് അംഗീകരിച്ചതിനെ തുടർന്നാണ് ഈ നീക്കം.
ഏറ്റവും പുതിയ വിജ്ഞാപനത്തോടെ, പുതിയ ലെവികള്‍ ഫെബ്രുവരി ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം, വ്യത്യസ്ത നിരക്കുകളില്‍ ചുമത്തുന്ന നിലവിലെ ജിഎസ്ടി നഷ്ടപരിഹാര സെസ് അതേ തീയതി മുതല്‍ നിർത്തലാക്കും.


