നടൻ മോഹൻലാല്‍ കെഎസ്‌ആർടിസിയുടെ ഗുഡ്‌വില്‍ അംബാസിഡറാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ഇതിനായി പ്രതിഫലം ഉണ്ടാകില്ലെന്നും താരം സമ്മതം അറിയിച്ചതായും ഗണേഷ് കുമാർ പറഞ്ഞു. കെഎസ്‌ആർടിസിയുടെ ചരിത്ര വരുമാന നേട്ടം കൂട്ടായ സഹകരണ പ്രവർത്തനത്തിന്റെ വിജയമാണെന്നും സർക്കാരിന്റെ മികച്ച നേട്ടമായി ഇതിനെ വിശേഷിപ്പിക്കാം. എന്നന്നേക്കുമായി അടച്ചുപൂട്ടലിലേക്ക് പോയ കെഎസ്‌ആർടിസിയെ ഇടതു മുന്നണി സർക്കാർ തിരിച്ചു കൊണ്ടുവരികയാണെന്നും അദ്ദേഹം പറഞ്ഞു.
ജനുവരി 5ന് 13.01 കോടി രൂപ വരുമാനം നേടിക്കൊണ്ട് ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാനം കെഎസ്‌ആർടിസി സ്വന്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. കെഎസ്‌ആർടിസിക്ക് ആകെയുള്ളത് 5,502 ബസുകളാണ്. അതില്‍ ഇന്നലെ ഓടിയത് 4,852 ബസുകളാണ്.


