കണ്ണൂർ: ദേശീയപാത മുഴപ്പിലങ്ങാട് മഠത്തിന് സമീപം ചരക്ക് ലോറി വഴിയാത്രക്കാരനെ ഇടിച്ച് തെറിപ്പിച്ച ശേഷം നിയന്ത്രണം വിട്ടു മറിഞ്ഞു. അപകടത്തിൽ വഴിയാത്രക്കാരൻ തൽക്ഷണം മരിച്ചു. മുഴപ്പിലങ്ങാട് ബീച്ചിലെ കല്ലുമ്മക്കായ വിൽപനക്കാരനായ മുഴപ്പിലങ്ങാട് ബീച്ച് റിസോർട്ട് റോഡ് നൈസി കോട്ടേജിൽ ബി. സ്റ്റാൻലിയുടെ മകൻ ജയ്സൺ സ്റ്റാൻലി (45) ആണ് മരിച്ചത്.
ഇന്ന് അതിരാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം നടന്നത്. മുഴപ്പിലങ്ങാട് മഠത്തിന് സമീപത്ത് നിന്നും സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് ലോറി നിയന്ത്രണം വിട്ടത്. വഴിയാത്രക്കാരനായിരുന്ന ജയ്സണെ ഇടിച്ച് സർവീസ് റോഡിലേക്ക് പാഞ്ഞ് കയറിയ ലോറി നടപ്പാതയിലൂടെ കയറിയിറങ്ങി സമീപത്തെ വീടിന്റെ ഭിത്തിയിൽ ഇടിച്ചാണ് മറിഞ്ഞത്.
ഇടിയുടെ ആഘാതത്തിൽ സമീപത്തെ വീടിന് നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഓവുപാലത്തിന്റെ സ്ലാബുകളും തകർന്നു. അപകടത്തെ തുടർന്ന് സർവീസ് റോഡിലെ ഗതാഗതം മണിക്കൂറുകളോളം പൂർണ്ണമായും തടസ്സപ്പെട്ടു. പിന്നീട് ക്രെയിൻ എത്തിച്ച് വാഹനം മാറ്റിയ ശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. എടക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മൃതദേഹം തലശ്ശേരി സഹകരണ ആശുപത്രി മോർച്ചറിയിൽ.


